
സാമ്പത്തിക മേഖലയിൽ സമൂല പരിഷ്കാരങ്ങളുമായി പുത്തൻ സാമ്പത്തിക വർഷം. രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകൾക്ക് ഇന്ന് മുതൽ പിഴ നൽകണം. അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ എസ്ബിഐയും പിഴ ഈടാക്കും. എസ്ബിഐയിൽ ലയിച്ച എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഉറപ്പാക്കണം.
സാധാരണക്കാരന് സാമ്പത്തിക ബാധ്യത നൽകുന്ന തീരുമാനങ്ങളുമായാണ് പുത്തൻ സാമ്പത്തിക വർഷം എത്തിയിരിക്കുന്നത്. ഇന്ന് മുതൽ ഒരു വസ്തു വാങ്ങുമ്പോൾ രണ്ട് ലക്ഷത്തിന് മുകളിൽ പണമായി നൽകിയാൽ തുല്യ തുക പിഴയായി ഈടാക്കും. സ്വർണം വിറ്റാൽ പതിനായിരം രൂപയും പണയം വച്ചാൽ 20,000 രൂപയുമാണ് പരമാവധി പണമായി ലഭിക്കുക. ബാക്കി തുക ചെക്കായി ലഭിക്കും.
ആദായ നികുതി പരിധിയിലെ മാറ്റവും നിലവിൽ വന്നു. രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടിയിൽ വരുമാനമുള്ളവർ അഞ്ച് ശതമാനവും അഞ്ച് മുതൽ പത്ത് ലക്ഷം വരുമാനമമുള്ളവർ 20 ശതമാനവും ആദായ നികുതി നൽകണം. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുമാനമുള്ളവരിൽ നിന്ന് 10 ശതമാനം സർചാർജ് കൂടി ഈടാക്കും.
അക്കൗണ്ടിൽ മിനിമം ബാലൻസ് ഉറപ്പാക്കണമെന്ന എസ്ബിഐ ഉത്തരവും നിലവിൽ വന്നു. ഗ്രാമപ്രദേശങ്ങളിൽ 1000 രൂപയും നഗരങ്ങളിൽ മൂവായിരം രൂപയും മെട്രോ നഗരങ്ങളിൽ അയ്യായിരം രൂപയുമാണ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ്. ഇത്രയും തുക അക്കൗണ്ടിലില്ലെങ്കിൽ 50 മുതൽ നൂറ് രൂപ വരെ പിഴ ഈടാക്കും. അക്കൗണ്ടിൽ മൂന്ന് തവണയിൽ കൂടുതൽ പണമടച്ചാലോ നാല് തവണയിൽ കൂടുതൽ പണമെടുത്താലും പിഴ നൽകണം. പരിധിയിൽ കൂടുതൽ എടിഎം ഇടപാട് നടത്തിയാൽ സർവീസ് ഈടാക്കുന്നതിന് പുറമേയാണ് എസ്ബിഐയുടെ പുതിയ നിയന്ത്രണങ്ങൾ.
ലയനം പൂർത്തിയായതോടെ എസ്ബിഐയിൽ എത്തിയ ലക്ഷക്കണക്കിന് എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഉറപ്പാക്കണം. വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തുക 20 ശതമാനം വർദ്ധിപ്പിച്ച ഉത്തരവും നിലവിൽ വന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.