പ്രളയ സെസിന് അംഗീകാരം; രണ്ട് വര്‍ഷത്തേക്ക് കേരളത്തിന് സെസ് പിരിക്കാം

By Web TeamFirst Published Jan 6, 2019, 5:55 PM IST
Highlights

രണ്ട് വര്‍ഷത്തേക്ക് ജിഎസ്ടിയോടൊപ്പം ഒരു ശതമാനം സെസാണ് സംസ്ഥാന സര്‍ക്കാരിന് പിരിക്കാനാകുക. എന്നാല്‍, ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ്. 

ദില്ലി: കേരളത്തിനായി പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ജിഎസ്ടി ഉപസമിതിയില്‍ തത്വത്തില്‍ ധാരണ. കേരളത്തില്‍ മാത്രമായി സെസ് ഏര്‍പ്പെടുത്താനാണ് സമിതിയില്‍ തീരുമാനമായത്. എന്നാല്‍, ദേശീയ തലത്തില്‍ ഇത്തരത്തിലൊരു സെസിന് അനുമതി നല്‍കാനാകില്ലെന്ന് ജിഎസ്ടി ഉപസമിതി വ്യക്തമാക്കി.

രണ്ട് വര്‍ഷത്തേക്ക് ജിഎസ്ടിയോടൊപ്പം ഒരു ശതമാനം സെസാണ് സംസ്ഥാന സര്‍ക്കാരിന് പിരിക്കാനാകുക. എന്നാല്‍, ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റി‍ലി തന്നെ സമിതി തീരുമാനം കൗണ്‍സിലിന് മുന്നില്‍ വയ്ക്കും. 

ജിഎസ്ടി കൗണ്‍സില്‍ ഇതിന് അംഗീകാരം നല്‍കിയാല്‍ പിന്നീട് സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലൂടെ സര്‍ക്കാരിന് ജിഎസ്ടിക്ക് ഒപ്പം സെസ് ഏര്‍പ്പെടുത്താം. സെസ് ഏതൊക്കെ സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും വേണമെന്നും സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാകും.

click me!