ആരോരുമറിയാതെ എണ്ണക്കമ്പനികള്‍ നടത്തുന്നത് പകല്‍ കൊള്ള

By Web DeskFirst Published Aug 11, 2017, 8:19 AM IST
Highlights

പെട്രോള്‍, ഡീസല്‍ വില ദിവസവും മാറ്റം വന്ന് തുടങ്ങിയതോടെ ആരോരുമറിയാതെ വന്‍ വര്‍ദ്ധവനാണ് ഇന്ധന വിലയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് ഏകദേശം നാല് രൂപയും ഡീസലിന് മൂന്നര രൂപയുമാണ് വര്‍ദ്ധിച്ചത്. ദിവസവും ഏതാനും പൈസയുടെ വര്‍ദ്ധനവുണ്ടാകുന്നതിനാല്‍ ഇത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നുമില്ല. 

കഴിഞ്ഞ ജൂണ്‍ 16 മുതലാണ് പെട്രോള്‍, ഡീസല്‍ വില ഓരോ ദിവസവും പുനഃക്രമീകരിക്കുന്ന രീതി നടപ്പാക്കിയത്. തുടര്‍ന്ന് പ്രതിഷേധങ്ങളെ മറികടക്കാന്‍ ആദ്യ ദിവസങ്ങളില്‍ വില കാര്യമായി കുറച്ചിരുന്നു. തുടര്‍ന്നാണ് പതുക്കെ വില കൂട്ടാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിരിക്കുന്ന അവസരത്തിലാണ് എണ്ണക്കമ്പനികള്‍ നിശബ്ദമായി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. 2017 ജൂണ്‍ 16ന് ദില്ലിയില്‍ 65.48 രൂപയായിരുന്നു പെട്രോള്‍ വില. 54.49 രൂപയായിരുന്നു ഡീസലിന്. വിലയില്‍ ദിവസവും മാറ്റം വന്നതോടെ ഉപഭോക്താക്കള്‍ക്കാണ് ഗുണമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആദ്യം വില കുറച്ചു. ജൂലായ് നാലിന് പെട്രോളിന് 63.08 രൂപയും ഡീസലിന് 53.44 രൂപയുമായി മാറി. തുടര്‍ന്ന് അഞ്ചും പത്തും പൈസ വീതം ദിവസവും വില കൂട്ടുകയായിരുന്നു. ദില്ലിയിലെ ഇന്നലക്കെ കണക്ക് പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് 66.96 രൂപയും ഡീസലിന് 56.81 രൂപയുമാണ് വില. അതായത് കേവലം ഒരു മാസം കൊണ്ട് പെട്രോളിന് 3.88 രൂപയും ഡീസലിന് 3.37 രൂപയും നിശബ്ദമായി വര്‍ദ്ധിപ്പിച്ചു.

2013-14 കാലത്ത് അസംസ്കൃത എണ്ണവില ബാരലിന് 110 ഡോളറായിരുന്ന കാലത്ത് ഇന്ത്യയില്‍ പെട്രോളിന് ശരാശരി 70 രൂപയും ഡീസലിന് 60 രൂപയുമായിരുന്നു നിരക്ക്. ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ഇതിന്റെ പകുതിയിലും താഴെയാണ്. 51.6 ഡോളറാണ് 2017ലെ ശരാശരി വില. അപ്പോഴും ഇന്ത്യയിലെ പെട്രോള്‍ വില 66.96 രൂപയും 56.81 രൂപയുമായി തന്നെ വലിയ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. സര്‍ക്കാര്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ ഇരട്ടി ലാഭമെടുത്ത് ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് എണ്ണക്കമ്പനികള്‍. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ഏതാനും പൈസയുടെ വ്യത്യാസം എല്ലാ ദിവസവും വരുത്താനുള്ള തന്ത്രവും നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

click me!