ജെന്‍ സിക്ക് ജോലി ചെയ്യാന്‍ സ്വാതന്ത്ര്യം വേണം, മുതിര്‍ന്നവര്‍ക്ക് സ്ഥിരത; ജീവനക്കാരെ ഒപ്പം നിര്‍ത്താന്‍ കമ്പനികള്‍ എന്തുചെയ്യും?

Published : Nov 25, 2026, 08:24 PM IST
gen z wants workplace flexibility while older employees value job security survey finds

Synopsis

ജെന്‍ സി, മില്ലേനിയല്‍സ്, ജെന്‍ എക്‌സ്, അതിനു മുന്‍പുള്ള തലമുറകള്‍ എന്നിവര്‍ ഒന്നിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കമ്പനികള്‍ നേരിടുന്ന വെല്ലുവിളികൾ

ഒരാള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം. മറ്റൊരാള്‍ക്ക് ജോലിയില്‍ ഉയരങ്ങളിലെത്താനുള്ള അവസരങ്ങളാണ് പ്രധാനം. മൂന്നാമത്തെയാള്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പാണ് വേണ്ടത്. ഒരേ ഓഫീസില്‍, ഒരേ പ്രോജക്ടില്‍, ഒരേ മാനേജര്‍ക്കു കീഴില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഇവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ അന്തരീക്ഷം ഒരുപോലെയാകണമെന്നില്ല. ജെന്‍ സി, മില്ലേനിയല്‍സ്, ജെന്‍ എക്‌സ്, അതിനു മുന്‍പുള്ള തലമുറകള്‍ എന്നിവര്‍ ഒന്നിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കമ്പനികള്‍ നേരിടുന്നതും ഈ വെല്ലുവിളിയാണ്. മുന്‍ഗണനകള്‍ ഇത്രയേറെ വ്യത്യസ്തമായിരിക്കുമ്പോള്‍ എല്ലാവരെയും എങ്ങനെ പ്രോത്സാഹിപ്പിക്കും? ജീവനക്കാരെ തൃപ്തരാക്കാനും സ്ഥാപനത്തില്‍ നിലനിര്‍ത്താനും എല്ലാവര്‍ക്കും ഒരേ സമീപനം മതിയാകില്ലെന്നാണ് പുതിയ സര്‍വേ വ്യക്തമാക്കുന്നത്. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യയുടെ 'വോയ്‌സ് ഓഫ് സിഎച്ച്ആര്‍ഒസ് 2026' റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍. വിവിധ തലമുറകളില്‍പ്പെട്ട ജീവനക്കാരെ നയിക്കുന്നതും അവരെ സ്ഥാപനത്തില്‍ നിലനിര്‍ത്തുന്നതുമാണ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത്.

ഒരേ ഓഫീസ്; ആഗ്രഹങ്ങള്‍ പലവിധം

ചെറുപ്പക്കാരനായ ഒരു ജീവനക്കാരന് എവിടെനിന്ന് ജോലി ചെയ്യാം, ജോലി എങ്ങനെ ക്രമീകരിക്കാം തുടങ്ങിയ കാര്യങ്ങളിലെ സ്വാതന്ത്ര്യമായിരിക്കാം ഒരു ജോലിയെ ആകര്‍ഷകമാക്കുന്നത്. എന്നാല്‍ മുതിര്‍ന്ന തലമുറയിലെ ഒരാള്‍ക്ക് ജോലിയിലെ സ്ഥിരതയും കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന സാഹചര്യവുമായിരിക്കും കൂടുതല്‍ പ്രധാനം. ജെന്‍ സി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നത് ജോലി ചെയ്യുന്നതിലെ വഴക്കവും സ്വാതന്ത്ര്യവുമാണെന്ന് 78% എച്ച്ആര്‍ മേധാവികള്‍ പറയുന്നു. ഈ സ്വാതന്ത്ര്യമില്ലാത്തതാണ് ചെറുപ്പക്കാര്‍ ജോലി വിടാനുള്ള ഏറ്റവും വലിയ കാരണമെന്ന് ചൂണ്ടിക്കാട്ടിയത് 59% പേരാണ്.

മില്ലേനിയല്‍സ് തലമുറയ്ക്കാകട്ടെ, കരിയറില്‍ മുന്നോട്ടുപോകാനുള്ള വ്യക്തമായ വഴിയാണ് പ്രധാനം. നീതിപൂര്‍വവും സുതാര്യവുമായ കരിയര്‍ വളര്‍ച്ചയാണ് ഈ തലമുറയുടെ ഏറ്റവും വലിയ മുന്‍ഗണനയെന്ന് ഏകദേശം 49% എച്ച്ആര്‍ മേധാവികള്‍ അഭിപ്രായപ്പെട്ടു. ജെന്‍ എക്‌സിനും അതിനു മുന്‍പുള്ള തലമുറകള്‍ക്കും ജോലിയിലെ സ്ഥിരതയാണ് പ്രധാനമെന്ന് 78% പേര്‍ പറയുന്നു. അതായത്, ജോലിയും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും എങ്ങനെയായിരിക്കുമെന്ന വ്യക്തതയാണ് ഇവര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്.

അതേസമയം, ശമ്പളം എല്ലാ പ്രായക്കാര്‍ക്കും പ്രധാനമാണ്. പ്രതീക്ഷിക്കുന്ന ശമ്പളം ലഭിക്കാത്തപ്പോള്‍ മില്ലേനിയല്‍സ്, ജെന്‍ എക്‌സ്, അതിനു മുന്‍പുള്ള തലമുറകളിലെ ജീവനക്കാര്‍ ജോലി വിടാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് ഏകദേശം 61% എച്ച്ആര്‍ മേധാവികള്‍ പറയുന്നു. ഈ വ്യത്യാസങ്ങള്‍ ടീമുകള്‍ക്കുള്ളില്‍ അഭിപ്രായഭിന്നതയ്ക്കും വഴിയൊരുക്കാം. ജോലി ചെയ്യുന്നതിലെ സ്വാതന്ത്ര്യവും ഓഫീസിലും പുറത്തുമായി ജോലി ചെയ്യുന്ന ഹൈബ്രിഡ് രീതിയുമാണ് തലമുറകള്‍ക്കിടയിലെ ഏറ്റവും വലിയ തര്‍ക്കവിഷയമെന്ന് ഏകദേശം 66% പേര്‍ ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍, ഒരാള്‍ ആനുകൂല്യമായി കാണുന്ന ഓഫിസ് നയം മറ്റൊരാള്‍ക്ക് വിയോജിപ്പിന്റെ കാരണമായേക്കാം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

ചപ്പാത്തി പൊതിയാന്‍ മാത്രമല്ല അലുമിനിയം ഫോയില്‍, കറന്‍സികളും സേഫ് ആക്കാം
ഹൃദയസ്തംഭനം മൂലം ഭര്‍ത്താവ് മരിച്ചു, ക്ലെയിം തള്ളി ഇന്‍ഷുറന്‍സ് കമ്പനി; ഭാര്യയ്ക്ക് ഒരു കോടി രൂപ നല്‍കാന്‍ ഉത്തരവ്