
കൊച്ചി: നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയും സംസ്ഥാനത്തെ സ്വർണവ്യാപാരത്തിന് വലിയ തിരിച്ചടിയായെന്ന് വ്യാപാരികൾ. കച്ചവടം പകുതിയായി കുറഞ്ഞതിനെ തുടർന്ന് കടകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും വ്യാപാരികൾ പറഞ്ഞു. കച്ചവടം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഈ മാസം അവസാനം കൊച്ചിയിൽ സ്വർണാഭരണ പ്രദർശനം സംഘടിപ്പിക്കും.
നോട്ട് അസാധുവാക്കലോടെ പ്രതിസന്ധിയിലായ സ്വർണവ്യാപാരം ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷം തകർച്ചയിലാണ്. ചെറുകിട വ്യാപാരികൾക്ക് ഇൻപുട്ട് ക്രഡിറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രതിസന്ധിക്ക് അടിസ്ഥാനം. വ്യാപാരികൾക്ക് ഒരു കിലോയുടെ കട്ടിയായാണ് സ്വർണം വാങ്ങാനാവുക. 30 ലക്ഷം രൂപ വില വരുന്ന ഈ സ്വർണക്കട്ടി വാങ്ങിയാൽ മാത്രമേ മൂന്ന് ശതമാനം ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കൂ. ഇത് കാരണം 100 ഗ്രാമും 200 ഗ്രാമുമൊക്കെ സ്വർണവ്യാപാരം നടത്തുന്നവർ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഒരു പവൻ സ്വർണം വാങ്ങുന്പോൾ 900 രൂപ നികുതി നൽകണം എന്ന നിർദ്ദേശം ഉപഭോക്കാക്കളെ അകറ്റുന്നുവെന്നും വ്യാപാരികൾ പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ കൊച്ചിയിൽ പ്രഥമ സ്വർണാഭരണ പ്രദർശനം സംഘടിപ്പിക്കുന്നത്. കേരള ജ്വല്ലറി ഷോയിൽ രാജ്യത്തെ പ്രമുഖ 150 സ്വർണാഭരണ നിർമാതാക്കൾ പങ്കെടുക്കും. ഏറ്റവും പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിക്കും. ഒക്ടോബർ 28, 29 തീയതികളിൽ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിലാണ് പ്രദർശനമെന്ന് അസോസിയേഷന്‍ ഭാരവാഹികൾ കൊച്ചിയിൽ അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.