
ദില്ലി: നൂറുകോടി രൂപയ്ക്ക് മേൽ സാമ്പത്തിക തട്ടിപ്പ് നടത്തി കളയുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തട്ടിപ്പുകാരുടെ ആസ്തികൾ കണ്ടുകെട്ടാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതിനിടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സിയുടെ 1217 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
നീരവ് മോഡി, ലളിത് മോഡി, വിജയ് മല്ല്യ എന്നിവരടക്കമുള്ളവര്‍ ശതകോടികൾ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കടന്നുകളഞ്ഞ സാഹചര്യത്തിലാണ് ഇത്തരക്കാരെ നേരിടാൻ ഫ്യുജിറ്റീവ് ഇക്കണോമിക് ഓഫെൻഡേഴ്സ് ബില്ലിന് കേന്ദ്രം അംഗീകാരം നൽകിയത്. അറസ്റ്റ് വാറണ്ടിന് ആറാഴ്ച്ചയ്ക്കകം മറുപടി നൽകിയില്ലെങ്കിൽ കടന്നുകളഞ്ഞ കുറ്റക്കാരായി കണക്കാക്കും. വിദേശത്തുള്ള സ്വത്തുക്കളും ബിനാമി സ്വത്തുക്കളും അടക്കമുള്ളവ കണ്ടുകെട്ടാം. ഇതിനായി അഡ്മിനിസ്ട്രേറ്ററെ നിയമിക്കും.
ഇതുകൂടാതെ ഓഡിറ്റിംഗ് രംഗത്ത് സുതാര്യത ഉറപ്പാക്കാൻ നാഷണൽ ഫിനാൻഷ്യൽ റിപ്പോര്‍ട്ടിംഗ് അതോറിറ്റിയും കേന്ദ്രം രൂപീകരിക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുടേയും ഓഡിറ്റര്‍മാരുടേയും പ്രവര്‍ത്തനങ്ങൾക്ക് മേൽനോട്ടവും നിയന്ത്രണം വഹിക്കുന്ന അതോറിറ്റിയ്ക്ക് ചെയര്‍മാനും സെക്രട്ടറിയും 15 അംഗങ്ങളുമുണ്ടാകും. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 6,100 കോടി രൂപ വായ്പയെടുത്ത ശേഷം കടന്നുകളഞ്ഞ മെഹുൽ ചോക്സിയുടെ 41 വസ്തുവകകളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
മുംബൈയിലെ 15 ഫ്ലാറ്റ്, 17 ഓഫീസ്, അലിബാഗിലുള്ള നാല് ഏക്കര്‍ ഫാം ഹൗസ്, മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുള്ള 231 ഏക്കര്‍ ഭൂമി, ഹൈദരാബാദിലുള്ള 170 ഏക്കര്‍ ഭൂമി എന്നിവയാണ് കണ്ടുകെട്ടി. നീരവ് മോദിയുടെ അമ്മാവനും ഗീതാഞ്ജലി ജെംസിന്‍റെ പ്രൊമോട്ടറുമാണ് മെഹുൽ ചോക്സി. അതിനിടെ കരിന്പ് കര്‍ഷകരുടെ പേരിൽ വായ്പയെടുത്ത് തുക വകമാറ്റി 98 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിന്‍റെ മരുമകൻ ഗുര്‍പാൽ സിംഗിനെ സിബിഐ ചോദ്യം ചെയ്തു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.