ജിഎസ്‌ടി മൂലം ദീപാവലി വിപണിയില്‍ കച്ചവടക്കാര്‍ക്ക് കനത്ത തിരിച്ചടി

By Web DeskFirst Published Oct 19, 2017, 1:19 PM IST
Highlights

മുംബൈ : ദീപാവലി വിപണിയെ തളർത്തി ജിഎസ്‌ടി. മുംബൈയിൽ ഈ ദീപാവലി സീസണിൽ കഴിഞ്ഞവർഷത്തിന്റെ പകുതി കച്ചവടം പോലും നടന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. തുണിത്തരങ്ങൾ, ജ്വല്ലറി, പടക്കം, പലഹാര വിപണികളെല്ലാം തിരിച്ചടി നേരിടുകയാണ്.

ദീപാവലി കച്ചവടം നഷ്ടത്തിലായി. ജിഎസ്ടി കാരണം കഴിഞ്ഞ വർഷങ്ങളിലേതിന്റെ 20 ശതമാനം പോലും കച്ചവടം ഇല്ല.

ദീപാവലി സന്ദേശവുമായി നിരത്തുകളിൽ വർണവിളക്കുകളും രംഗോലികളും നിരന്നു. എന്നാൽ മാർക്കറ്റുകളിൽ ദീപവലി ഷോപ്പിംഗിന് ആളുകൾ ഇറങ്ങുന്നത് നന്നെ കുറവ്. മുംബൈയിലെ ഏറ്റവും തിരക്കേറിയ ക്രാഫഡ് മാർക്കറ്റില്‍ ഇതാണ് അവസ്ഥ.

മധുരപലഹാരങ്ങൾ, സമ്മാനങ്ങൾ, തുണിത്തരങ്ങൾ, പടക്കങ്ങൾ എന്നിവയ്ക്കെല്ലാം ജിഎസ്‌ടി ചുമത്തിയതോടെ വില കുതിച്ചുയർന്നു. പടക്കത്തിന് 28 ശതമാനമാണ് ജിഎസ്‌ടി. കഴിഞ്ഞതവണത്തെ കച്ചവടത്തിന്റെ കാൽശതമാനം പോലും ഇത്തവണയില്ലെന്ന് പത്തുവർഷമായി ക്രാഫഡ് മാര്‍ക്കറ്റില്‍ തുണിക്കച്ചവടം നടത്തുന്ന സലീം പറയുന്നു.

ജി എസ് ടി കാരണം ദീപാവലിക്ക് സമ്മാനങ്ങളും ബോണസും മധുരവും നൽകുന്ന പതിവ് ഇത്തവണ പല സ്വകാര്യ കമ്പനികളും മുടക്കി. കൈയിൽ പണമില്ലാത്തതിനാൽ അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങി ആളുകൾ വീടുകളിലേക്ക് പോകുകയായിരുന്നു.

click me!