നോട്ട് നിരോധനം കൊണ്ട് നശിപ്പിച്ചു; ജിഎസ്ടി വഴി തിരികെ പിടിക്കുന്നു

By Web DeskFirst Published Dec 1, 2017, 2:02 AM IST
Highlights

ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷം പുറത്ത് വന്ന ജിഡിപി വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കാനായതിന്‍റെ ആഹ്ളാദത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിയ്‌ക്ക് എതിരെ രൂക്ഷവിര്‍ശനം ഉയരുമ്പോഴുണ്ടായ ഈ നേട്ടം കേന്ദ്രസര്‍ക്കാരിന് ആശ്വാസമാണ്.

ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന് മുന്‍പുള്ള കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജി.ഡി.പി വളര്‍ച്ച 5.7 ശതമാനമായിരുന്നു. ജൂലൈ ഒന്നിന് ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാം പാദത്തിലെ വളര്‍ച്ച 6.3 ശതമാനമായി ഉയര്‍ന്നു. ഈ കണക്കിലൂന്നിയാണ് ചരക്ക് സേവന നികുതി നടപ്പാക്കിയത് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ദോശകരമായി ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. 

അതേ സമയം കാര്‍ഷിക മേഖലയിലൊഴിച്ച് മറ്റ് സെക്ടറുകളിലൊന്നും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനാകാത്തത് നോട്ട് അസാധുവാക്കലിന്റെ അനുരണനങ്ങള്‍ ഒഴിയാത്തതിനാലാണെന്നാണ് വിമര്‍ശനം. ദീപാവലി, ദസറ ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി ഉത്പാദനം വര്‍ദ്ധിപ്പിച്ചതിനാലാണ് കാര്‍ഷിക മേഖലയില്‍ 1.7 ശതമാനം വളര്‍ച്ച കൈവരിക്കാനായതെന്നും വിലയിരുത്തലുണ്ട്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 7.5 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതിന് പിന്നാലെ ജി.ഡി.പി വളര്‍ച്ച മൂന്നാം പാദത്തില്‍ 7 ശതമാനത്തിലേക്കും നാലാം പാദത്തില്‍ 6.1 ശതമാനത്തിലേക്കും താഴ്ന്നിരുന്നു. അതേസമയം തുടര്‍ച്ചയായ അഞ്ച് ത്രൈമാസങ്ങളിലെ ഇടിവിന് ശേഷം ജി.ഡി.പി വളര്‍ച്ച തിരിച്ചുകയറുന്നത് കേന്ദ്ര സര്‍ക്കാറിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ചരക്ക് സേവന നികുതി റിട്ടേണുകളുടെ സമര്‍പ്പണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ജി.ഡി.പി നിരക്കില്‍ വര്‍ദ്ധനവുണ്ടാകുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു.

tags
click me!