വീട്ടിലിരുന്ന് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

By Web DeskFirst Published Nov 17, 2017, 8:01 PM IST
Highlights

ദില്ലി: മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി മൊബൈല്‍ സേവന ദാതാക്കളുടെ ഓഫീസുകളില്‍ പോകേണ്ടതില്ല. നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്ന്  കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളോട് നിര്‍ദ്ദേശിച്ചതനുസരിച്ച് പുതിയ സംവിധാനം ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്ത് നിലവില്‍ വരും. ഒ.ടി.പി ഉപയോഗിച്ച് ഉപഭോക്താവിന്റെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനാവും.

ടെലികോം ഓപ്പറേറ്റര്‍മാര്‍ അവതരിപ്പിച്ച ഒടിപി വെരിഫിക്കേഷന്‍ സംവിധാനം കഴിഞ്ഞ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചു. എന്നാല്‍ നിലവില്‍ ആധാര്‍ വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ  ഒ.ടി.പി വഴി മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കാന്‍ കഴിയുകയുള്ളൂ. മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ വെബ്സൈറ്റ്, ഐവിആര്‍എസ് എന്നിവ വഴി ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് ടെലികോം വകുപ്പ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വെബ്സൈറ്റിലോ ആപ്പിലെ ആധാര്‍ ബന്ധിപ്പിക്കാനുള്ള ലിങ്ക് ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യാം. ഇത് വെരിഫൈ ചെയ്യാന്‍ ഫോണില്‍ വണ്‍ ടൈം പാസ്‍വേഡ് ലഭിക്കും ഇത് വെബ്സൈറ്റില്‍ നല്‍കണം. തുടര്‍ന്ന് ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ അനുമതി ചോദിച്ചുള്ള സന്ദേശം ദൃശ്യമാവും. ഇത് അംഗീകരിച്ചാല്‍ ആധാര്‍ സെര്‍വറില്‍ നിന്ന് ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് വണ്‍ ടൈം പാസ്‍വേഡ് ലഭിക്കും. ആധാര്‍ വിവരങ്ങള്‍ക്കൊപ്പം നല്‍കിയ മൊബൈല്‍ നമ്പറിലായിരിക്കും ഇത് ലഭിക്കുക. ആധാര്‍ വിവരങ്ങള്‍ക്കൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടില്ലെങ്കില്‍ എറര്‍ മെസേജായിരിക്കും സ്ക്രീനില്‍ തെളിയുന്നത്. വണ്‍ ടൈം പാസ്‍വേഡും സൈറ്റില്‍/ആപ്പില്‍ നല്‍കിയാല്‍ വിജയികരമായി ആധാറും മബൈല്‍ ബന്ധിപ്പിക്കപ്പെട്ടു എന്ന് കാണിക്കുന്ന എസ്എംഎസ് ലഭിക്കും.

സമാന രീതിയില്‍ തന്നെയാണ് ഐ.വി.ആര്‍ സേവനത്തിലൂടെയും ആധാര്‍ ബന്ധിപ്പിക്കേണ്ടത്. മൊബൈല്‍ കമ്പനി നല്‍കുന്ന പ്രത്യേക നമ്പറിലേക്കാണ് ഉപഭോക്താവ് വിളിക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഒരിക്കല്‍ കൂടി ഡയല്‍ ചെയ്ത് ഉറപ്പുവരുത്തേണ്ടി വരും. തുടര്‍ന്ന് വണ്‍ ടൈം പാസ്‍വേഡ് ലഭിക്കും. ഇത് ഡയല്‍ ചെയ്യണം. അതിനും ശേഷം ആധാര്‍ നമ്പര്‍ ഡയല്‍ ചെയ്യണം. ആധാറില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ മറ്റൊരു വണ്‍ ടൈം പാസ്‍വേഡ് കൂടി ലഭിക്കും. നമ്പര്‍ നല്‍കിയിട്ടില്ലെങ്കില്‍ അക്കാര്യം പറയുന്ന സന്ദേശം കേള്‍പ്പിക്കും. പാസ്‍വേഡ് ശരിയായി ഡയല്‍ ചെയ്ത് നല്‍കിയാല്‍ ആധാറും മൊബൈല്‍ നമ്പറും വിജയികരമായി ബന്ധിപ്പിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തുന്ന സന്ദേശം ലഭിക്കും.

click me!