ഫ്ലിപ്‍കാര്‍ട്ടില്‍ എടിഎം കാര്‍ഡ് വഴി ഇഎംഐ; ആര്‍ക്കൊക്കെ ലഭ്യമാവും

By Web DeskFirst Published Sep 19, 2017, 8:00 PM IST
Highlights

ഫ്ലിപ്കാര്‍ട്ടും ആമസോണും പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ഏറ്റവുമധികം ജനപ്രിയമാക്കുന്നത് അവ നല്‍കുന്ന ഇ.എം.ഐ സൗകര്യം കൂടിയാണ്. വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ പണവും നല്‍കി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വിവിധ തവണകളായി പണമടച്ച് സാധനങ്ങള്‍ വാങ്ങാം. 14 ശതമാനത്തിനടുത്ത് പലിശയാണ് വിവിധ ബാങ്കുകള്‍ ഇതിന് ഈടാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ഇപ്പോള്‍ ചില ഡെബിറ്റ് കാര്‍ഡുകള്‍ക്ക് കൂടി ലഭ്യമാക്കിയിട്ടുണ്ട്.

നിലവില്‍ എസ്.ബി.ഐ, ആക്സിസ് ബാങ്ക് എന്നിവയാണ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് വഴി ഇ.എം.ഐ സൗകര്യം നല്‍കുന്നത്

നിങ്ങള്‍ യോഗ്യരാണോ?
രണ്ട് ബാങ്കുകളുടെയും ഡെബിറ്റ് കാര്‍ഡ് ഉടമകളായ എല്ലാവര്‍ക്കും ഇ.എം.ഐ സൗകര്യം ലഭിക്കില്ല. ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഹിസ്റ്ററി അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് യോഗ്യരായവര്‍ക്ക് മാത്രമേ  ഇത് ലഭിക്കുകയുള്ളു.

  • എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്ക് ഇ-ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഇത് ലഭ്യമാണോ എന്ന് പരിശോധിക്കാം.
  • ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കണം. തുടര്‍ന്ന് നിങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാണെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഒരു വണ്‍ ടൈം പാസ്‍വേഡ് ലഭിക്കും. ഇത് സൈറ്റില്‍ നല്‍കിയാല്‍ എത്ര രൂപ വരെ നിങ്ങള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാകുമെന്ന് പരിശോധിക്കാം.
     
  • ആക്സിസ് ബാങ്ക് ഡെബിറ്റ് കാര്‍ഡുകളുള്ളവര്‍. EMID XXXX (കാര്‍ഡ് നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍) എന്ന് ടൈപ്പ് ചെയ്ത ശേഷം 5676782 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതിയാവും. മറുപടി എസ്എംഎസില്‍ നിങ്ങള്‍ യോഗ്യരാണോ എത്ര രൂപ വരെ ലഭ്യമാവും തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.

എങ്ങനെ ലഭ്യമാവും?
എല്ലാ സാധനങ്ങളും പ്രീ അപ്രൂവ്ഡ് ഇഎംഐ വഴി വാങ്ങാന്‍ കഴിയില്ല. നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന് ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം ലഭ്യമാണോ എന്ന് പരിശോധിക്കാം. അതിന് ശേഷം പേയ്മെന്റ് ഘട്ടത്തിലേക്ക് വരുമ്പോള്‍ EMI എന്ന മെനുവില്‍ നിന്ന് Pre-Approved/Debit EMI തെരഞ്ഞെടുക്കാം. പിന്നീട് ബാങ്കും തെരഞ്ഞെടുക്കണം. കാര്‍ഡ് വിവരങ്ങളും വണ്‍ ടൈം പാസ്‍വേഡും നല്‍കി ഇടപാട് പൂര്‍ത്തീകരിക്കാം.

പ്രത്യേകം ശ്രദ്ധിക്കാന്‍

  • നിശ്ചിത സമയങ്ങളില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ
  • ഷോപ്പിങ് കാര്‍ട്ടില്‍ ഒരു ഉല്‍പ്പന്നം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ
  • 5000 രൂപയാണ് കുറഞ്ഞ പരിധി
  • 14 ശതമാനമാണ് പലിശ (ഇത് ബാങ്കുകള്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്)
  • എസ്.ബി.ഐ 3, 6, 9 മാസ തവണകളിലും ആക്സിസ് ബാങ്ക് 12 മാസം വരെയുള്ള തവണകളിലും ഇഎംഐ ലഭ്യമാക്കുന്നുണ്ട്.
click me!