ഐസിഐസിഐ ഡയറക്ടര്‍ ബോര്‍ഡ് പിടിമുറുക്കുന്നു; ചന്ദ കൊച്ചാർ സ്ഥാനം ഒഴിഞ്ഞേക്കും

By Web DeskFirst Published Apr 9, 2018, 5:55 PM IST
Highlights

വീഡിയോകോണിന് വായ്പ നൽകി പ്രതിസന്ധിയിലായ ചന്ദ കൊച്ചാറിന് ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്നുള്ള പിന്തുണ കുറയുന്നതായാണ് സൂചന

മുംബൈ: ഐ.സി.ഐ.സി.ഐ മേധാവി ചന്ദ കൊച്ചാറിന്റെ ഭാവി അനിശ്ചിതത്വത്തിൽ. സി.ഇ.ഒ സ്ഥാനത്ത് നിന്ന് ചന്ദ കൊച്ചാർ മാറി നിൽക്കണമെന്ന് ഡയറക്ടർ ബോർ‍ഡ് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടെന്ന് സൂചന. ഇതിനിടെ കേന്ദ്രസർക്കാർ ഐ.സി.ഐ.സി.ഐ ബാങ്കിലെ നോമിനിയെ മാറ്റി.

വീഡിയോകോണിന് വായ്പ നൽകി പ്രതിസന്ധിയിലായ ചന്ദ കൊച്ചാറിന് ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്നുള്ള പിന്തുണ കുറയുന്നതായാണ് സൂചന. രണ്ടാഴ്ച മുന്‍പ് ചേർന്ന ഡയറക്ടർ ബോർഡ് യോഗം കൊച്ചാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വായ്പാ കേസിൽ അന്വേഷണം മുറുകുകയും ചന്ദ കൊച്ചാറിന്റെ ഭർതൃ സഹോദരൻ രാജീവ് കൊച്ചാറിനെ സി.ബി.ഐ തുടർച്ചയായി ചോദ്യം ചെയ്യുകയും ചെയ്തതോടെ നിലപാടിൽ മാറ്റമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. 2019 മാർച്ച് 31 വരെയാണ് നിലവിൽ ചന്ദ കൊച്ചാറിന്റെ കാലാവധി.

Latest Videos

ബാങ്കിന്റെ ഭാവി നിശ്ചയിക്കാൻ ഡയറക്ടർ ബോർഡ് ഈയാഴ്ച വീണ്ടും യോഗം ചേർന്നേക്കും. ആറ് സ്വതന്ത്ര അംഗങ്ങളടക്കം 12 പേരാണ് ഡയറക്ടർ ബോർഡിലുള്ളത്. ഇതിനിടെ കേന്ദ്രസർക്കാർ ഡയറക്ടർ ബോ‍ർഡിലെ നോമിനിയെ മാറ്റി. ധനകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലോക് രഞ്ജനാണ് പുതിയ നോമിനി. സ്വാഭവിക നടപടി ക്രമം മാത്രമാണെന്നും നോമിനിയെ മാറ്റിയതിൽ വായ്പാ കേസുമായി ബന്ധമൊന്നുമില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന വീഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്ക് വഴിവിട്ട് 3,250 കോടി രൂപ വായ്പ നൽകിയെന്നാണ് ചന്ദ കൊച്ചാറിനെതിരായ കേസ്. ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ ഇടപെടലിലൂടെയാണ് വീഡിയോകോൺ വായ്പ തരപ്പെടുത്തിയതെന്നാണ് ആരോപണം. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഐ.സി.ഐ.സി.ഐ ബാങ്കും വീഡിയകോണും വ്യക്തമാക്കിയിട്ടുണ്ട്.

click me!