ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാസം 12 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം

By Web DeskFirst Published Nov 3, 2017, 9:52 PM IST
Highlights

ദില്ലി: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഐ.ആർ.സി.ടി.സി അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിച്ചവർക്ക് മാസം ബുക്കു ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ഇരട്ടിയാക്കി. ഇതുവരെ മാസം ആറ് ടിക്കറ്റുകൾ മാത്രമേ ഒരു അക്കൗണ്ടിൽനിന്ന് ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ഐ.ആർ.സി.ടി.സി വെബ്സൈറ്റിലെ അക്കൗണ്ടിൽ ആധാർ വിവരങ്ങൾ ചേർത്തവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 

ഒക്ടോബർ 26 മുതൽ തന്നെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നുവെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ  ആധാറുമായി ബന്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനാണ് ടിക്കറ്റുകളുടെ എണ്ണം നേരെ ഇരട്ടിയാക്കി വർധിപ്പിച്ചുകൊണ്ടുള്ള പുതിയ നീക്കം. അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് തുടർന്നും പ്രതിമാസം ആറ് ടിക്കറ്റുകള്‍ വരെ ബുക്കു ചെയ്യാൻ തടസ്സമുണ്ടാകില്ല. ടിക്കറ്റുകളുടെ എണ്ണം ആറിൽ കൂടിയാൽ തുടർന്നുള്ള ഓരോ ടിക്കറ്റിനും അക്കൗണ്ട് ഉടമയുടെയും യാത്ര ചെയ്യുന്ന മറ്റൊരാളുടെയും ആധാർ നമ്പർ കൂടി നൽകണം. ഐ.ആര്‍.സി.ടി.സി അക്കൗണ്ടിലെ പ്രൊഫൈല്‍ ലിങ്കില്‍ പ്രവേശിച്ച് ആധാര്‍ ബന്ധിപ്പിക്കുകയും ചെയ്യാം.

ഐ.ആർ.സി.ടി.സി അക്കൗണ്ടും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു. 2017 ഏപ്രിൽ ഒന്നിനു മുന്‍പ് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, പിന്നീട് ഇത് പിൻവലിച്ചു. 

click me!