നോട്ട് നിരോധനത്തിന് ശേഷം ബാങ്കില്‍ വന്‍ തുക നിക്ഷേപിച്ച 1.16 ലക്ഷം പേര്‍ക്ക് നോട്ടീസ്

By Web DeskFirst Published Nov 28, 2017, 4:50 PM IST
Highlights

ന്യൂഡല്‍ഹി: നോട്ട്നിരോധനത്തിന് ശേഷം വന്‍തുകകള്‍ ബാങ്കില്‍ നിക്ഷേപിച്ച 1.16 ലക്ഷം വ്യക്തികള്‍ക്ക് നോട്ടീസ് അയച്ചതായി ആദായ നികുതി വകുപ്പ് അറിയിച്ചു. അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപയോ അതിന് മുകളിലോ നിക്ഷേപിക്കുകയും കൃത്യസമയത്തിനുള്ളില്‍ ഇത് വ്യക്തമാക്കുന്ന ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയും ചെയ്തവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിന് തൊട്ട് പിന്നാലെ ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിച്ച 18 ലക്ഷം പേരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ഇതില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം കണക്കാക്കി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരെ ഒഴിവാക്കിയ ശേഷം അവശേഷിച്ചവരെ രണ്ട് ഗ്രൂപ്പുകളാക്കി തരംതിരിച്ചു. 25 ലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിച്ചവരെ ആദ്യ പട്ടികയിലും 10 മുതല്‍ 25 ലക്ഷം വരെ രൂപ നിക്ഷേപിച്ചവരെ രണ്ടാമത്തെ പട്ടികയിലും ഉള്‍പ്പെടുത്തി.  25 ലക്ഷത്തിന് മുകളില്‍ നിക്ഷേപിച്ച 1.6 ലക്ഷം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നോട്ടീസ് അയച്ചത്. 30 ദിവസത്തിനകം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  10 മുതല്‍ 25 ലക്ഷം വരെ ബാങ്കുകളില്‍ നിക്ഷേപിച്ച 2.4 ലക്ഷത്തോളം പേരുണ്ടെന്നും അടുത്ത ഘട്ടത്തില്‍ അവര്‍ക്ക് നോട്ടീസ് ലഭിച്ച് തുടങ്ങുമെന്നും ആദായ നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പറയുന്നു.

 

click me!