സുപ്രീം കോടതി വിധിക്ക് പിന്നാലെ ചൊവ്വാഴ്ച രാവിലെ മുതല്‍ ആഗോള തലത്തില്‍ 10% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

ഇറക്കുമതി തീരുവകള്‍ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, ആഗോള നികുതി നയങ്ങള്‍ പുനഃസ്ഥാപിക്കാനായി പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ട്രംപ് ഭരണകൂടം. ഇതിന്റെ ഭാഗമായി പുതിയ തീരുവകള്‍ ചുമത്തുന്നതിനായി നടപടികള്‍ വേഗത്തിലാക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ സുരക്ഷയുടെ പേരില്‍ അന്വേഷണം

ബാറ്ററികള്‍, കാസ്റ്റ് അയണ്‍ , ഇരുമ്പ് ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ ഗ്രിഡ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, പ്ലാസ്റ്റിക് പൈപ്പുകള്‍, വ്യവസായിക രാസവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി അമേരിക്കന്‍ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്. 1962-ലെ ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്ടിലെ സെക്ഷന്‍ 232 പ്രകാരമായിരിക്കും ഈ അന്വേഷണങ്ങള്‍ നടക്കുക. ദേശീയ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇറക്കുമതി തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ നിയമം. തന്റെ രണ്ടാം ഊഴത്തില്‍ ലോഹങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ് ഈ നിയമം ഉപയോഗിച്ചിരുന്നു. നിയമപരമായി കൂടുതല്‍ നിലനില്‍പ്പുള്ളതാണ് ഈ വകുപ്പ് എന്നാണ് വിലയിരുത്തല്‍.

മുന്നറിയിപ്പുമായി ട്രംപ്

സുപ്രീം കോടതി വിധിക്ക് പിന്നാലെ ചൊവ്വാഴ്ച രാവിലെ മുതല്‍ ആഗോള തലത്തില്‍ 10% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇത് 15% ആയി ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമപ്രകാരം ഈ തീരുവകള്‍ പരമാവധി അഞ്ച് മാസത്തേക്ക് മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ. കോടതി റദ്ദാക്കിയ തീരുവകള്‍ക്ക് പകരമായി പുതിയവ കൊണ്ടുവരാന്‍ ഈ അഞ്ച് മാസത്തെ സമയം വിനിയോഗിക്കാനാണ് ട്രംപിന്റെ നീക്കം. സുപ്രീം കോടതി വിധിക്ക് പിന്നാലെ, നിലവിലുള്ള വ്യാപാരക്കരാറുകളില്‍ 'കളിക്കാന്‍' നില്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി. അവര്‍ അടുത്തിടെ സമ്മതിച്ചതിനേക്കാള്‍ ഉയര്‍ന്ന തീരുവ നേരിടേണ്ടി വരും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തീരുവകള്‍ നടപ്പിലാക്കാന്‍ തനിക്ക് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്റെ പിന്മാറ്റം

പുതിയ തീരുവകള്‍ വേഗത്തില്‍ നടപ്പിലാക്കി വ്യാപാര പങ്കാളികളുമായുള്ള കരാറുകള്‍ നിലനിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാല്‍, ട്രംപിന്റെ പുതിയ നീക്കങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ , ട്രംപ് ഭരണകൂടവുമായുള്ള കരാര്‍ അംഗീകരിക്കുന്ന നടപടികള്‍ തിങ്കളാഴ്ച മരവിപ്പിച്ചു. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് യൂറോപ്യന്‍ യൂണിയനെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന ചോദ്യത്തോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.