എസ്ഐപി ജനപ്രിയമായതോടെ പലരുടെയും ലക്ഷ്യം വലുതായിട്ടുണ്ട്. 60-ാം വയസ്സില്‍ വിരമിക്കുമ്പോള്‍ ഒരു കോടി രൂപയെന്ന വലിയൊരു ലക്ഷ്യത്തിലെത്താന്‍ മാസം എത്ര രൂപ വീതം നിക്ഷേപിക്കണം?
സാധാരണക്കാരായ ഇന്ത്യക്കാരുടെ സമ്പാദ്യശീലത്തില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി . കണക്കുകള്‍ നോക്കിയാല്‍ ഇത് വ്യക്തമാകും. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ പുതിയ കണക്കുകള്‍ പ്രകാരം, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും 2026 ജനുവരിയില്‍ മാത്രം 31,002 കോടി രൂപയാണ് എസ്ഐപി വഴി നിക്ഷേപിക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഈ മികച്ച പ്രകടനം. നിലവില്‍ രാജ്യത്ത് 9.92 കോടി എസ്ഐപി അക്കൗണ്ടുകളുണ്ട്. ആകെ നിക്ഷേപം 16.36 ലക്ഷം കോടി രൂപയിലെത്തി. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ ആകെ നിക്ഷേപത്തിന്റെ 20 ശതമാനവും, ഇക്വിറ്റി നിക്ഷേപത്തിന്റെ 28.2 ശതമാനവും ഇപ്പോള്‍ എസ്ഐപി വഴിയാണ് എന്നത് ഇതിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.
ഒരു കോടിയെന്ന സ്വപ്നത്തിലേക്ക്
എസ്ഐപി ജനപ്രിയമായതോടെ പലരുടെയും ലക്ഷ്യം വലുതായിട്ടുണ്ട്. 60-ാം വയസ്സില്‍ വിരമിക്കുമ്പോള്‍ ഒരു കോടി രൂപയെന്ന വലിയൊരു ലക്ഷ്യത്തിലെത്താന്‍ മാസം എത്ര രൂപ വീതം നിക്ഷേപിക്കണം? ഇതാണ് പലരുടെയും സംശയം. നിക്ഷേപം തുടങ്ങുന്ന പ്രായം ഇതില്‍ വളരെ പ്രധാനമാണ്.
ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് (20 വര്‍ഷത്തിലധികം) മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ്, ഫ്‌ലെക്‌സി/മള്‍ട്ടി-ക്യാപ് ഫണ്ടുകള്‍ ശരാശരി 15% റിട്ടേണ്‍ നല്‍കാറുണ്ട്. ഈ 15% ഒരു ഉദാഹരണമായി എടുത്താല്‍ മാസം എത്ര രൂപ വേണ്ടിവരുമെന്ന് താഴെ പറയുന്ന കണക്കുകളിലൂടെ മനസ്സിലാക്കാം.
25-ാം വയസ്സില്‍ തുടങ്ങിയാല്‍
നിക്ഷേപ കാലാവധി: 35 വര്‍ഷം (60 വയസ്സുവരെ)
പ്രതീക്ഷിക്കുന്ന ആദായം: 15%
പ്രതിമാസ നിക്ഷേപം: 1,000 രൂപ
25 വയസ്സുള്ള ഒരാള്‍ കൃത്യമായി മാസം 1000 രൂപ മാറ്റിവെച്ചാല്‍ 60 വയസ്സാകുമ്പോള്‍ ഏകദേശം 1.14 കോടി രൂപ ലഭിക്കും. കൂട്ടുപലിശയുടെ നേട്ടമാണ് ഇവിടെ കാണുന്നത്. ചെറിയ തുകയാണെങ്കിലും ഏറ്റവും കൂടുതല്‍ കാലം നിക്ഷേപിക്കുന്നതിനാലാണ് ഈ നേട്ടം സാധ്യമാകുന്നത്.
30-ാം വയസ്സില്‍ തുടങ്ങിയാല്‍
നിക്ഷേപ കാലാവധി: 30 വര്‍ഷം
പ്രതിമാസ നിക്ഷേപം: 2,000 രൂപ
നിക്ഷേപം തുടങ്ങാന്‍ 5 വര്‍ഷം വൈകിയപ്പോള്‍ അടക്കേണ്ട തുക ഇരട്ടിയായി! മാസം 2,000 രൂപ വീതം നിക്ഷേപിച്ചാല്‍ 60 വയസ്സാകുമ്പോള്‍ ഏകദേശം 1.12 കോടി രൂപ ലഭിക്കും. തീരുമാനം വൈകുന്നത് നിങ്ങളുടെ പോക്കറ്റിനെ എത്രത്തോളം ബാധിക്കുമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
40-ാം വയസ്സില്‍ തുടങ്ങിയാല്‍
നിക്ഷേപ കാലാവധി: 20 വര്‍ഷം
പ്രതിമാസ നിക്ഷേപം: 7,500 രൂപ
ഇവിടെ വ്യത്യാസം വളരെ വലുതാണ്. വിരമിക്കാന്‍ 20 വര്‍ഷം മാത്രം ബാക്കിയുള്ളതിനാല്‍, ഒരു കോടിയിലെത്താന്‍ മാസം 7,500 രൂപ വീതം മാറ്റിവെക്കേണ്ടി വരും. 25 വയസ്സില്‍ 1000 രൂപ മതിയായിരുന്നിടത്താണിത്. ആദായനിരക്ക് മാറിയതുകൊണ്ടല്ല, മറിച്ച് നിക്ഷേപിക്കാന്‍ ലഭിച്ച സമയം കുറഞ്ഞതാണ് ഈ വലിയ മാറ്റത്തിന് കാരണം.
തുടങ്ങാന്‍ വൈകിയോ? പരിഹാരമുണ്ട് 'സ്റ്റെപ്പ്-അപ്പ് എസ്ഐപി'
നിക്ഷേപം തുടങ്ങാന്‍ ഏറ്റവും മികച്ച സമയം ഇന്നലെയായിരുന്നു, രണ്ടാമത്തെ മികച്ച സമയം ഇന്നാണ്. വൈകി തുടങ്ങുന്നവര്‍ക്കും ലക്ഷ്യത്തിലെത്താന്‍ വഴികളുണ്ട്. അതിലൊന്നാണ് ഓരോ വര്‍ഷവും നിക്ഷേപത്തുക വര്‍ദ്ധിപ്പിക്കുന്ന 'സ്റ്റെപ്പ്-അപ്പ് എസ്ഐപി' .
ഉദാഹരണത്തിന് 45-ാം വയസ്സില്‍ ഒരാള്‍ മാസം 10,000 രൂപ വെച്ച് നിക്ഷേപം തുടങ്ങുന്നു എന്ന് കരുതുക. ഓരോ വര്‍ഷവും നിക്ഷേപത്തുക 10% വീതം അദ്ദേഹം വര്‍ദ്ധിപ്പിക്കുന്നു. 15 വര്‍ഷം (60 വയസ്സുവരെ) ഇതേ രീതിയില്‍ 15% ആദായത്തില്‍ നിക്ഷേപം തുടര്‍ന്നാല്‍ 1.02 കോടി രൂപയോളം സ്വന്തമാക്കാം. നഷ്ടപ്പെട്ട സമയത്തെ മറികടക്കാന്‍ കൃത്യമായ പ്ലാനിങ്ങിലൂടെ സാധിക്കുമെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
