ആകാശവിപ്ലവം; ഒക്ടോബറില്‍ വിമാനത്തില്‍ പറന്നത് 1.04 കോടി ഇന്ത്യക്കാര്‍

By Web DeskFirst Published Nov 17, 2017, 11:03 PM IST
Highlights

ന്യൂഡല്‍ഹി:  നവരാത്രി-ദീപാവലി ആഘോഷങ്ങള്‍ക്കായി ഇന്ത്യക്കാര്‍ വിമാനം പിടിച്ചപ്പോള്‍ പിറന്നത് പുതിയ റെക്കോര്‍ഡ്. 1.04 കോടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബറില്‍ രാജ്യത്തിനകത്ത് വിമാനയാത്ര നടത്തിയത്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 86.7 ലക്ഷം പേരാണ് രാജ്യത്തിനുള്ളില്‍ വിമാനയാത്ര നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ യാത്രക്കാരുടെ എണ്ണം 20.5 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്ത് മാസക്കാലയളവില്‍ 9.5 കോടി അഭ്യന്തര യാത്രക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ ഇത് 8.1 കോടിയായിരുന്നു, 17.3 ശതമാനം വര്‍ധന.

വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ നല്‍കുന്ന വന്‍ഓഫറുകളാണ് കൂടുതല്‍ വിമാനയാത്രക്കാരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അഭ്യന്തര യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ തിരക്കുള്ള റൂട്ടുകളില്‍ വിമാനകമ്പനികള്‍ കൂടുതല്‍ സര്‍വ്വീസ് ആരംഭിച്ചതും, പുതിയ റൂട്ടുകള്‍ തുടങ്ങിയതും വിമാനയാത്രയില്‍ വിപ്ലവം സൃഷ്ടിച്ചു. 

കണക്കുകള്‍ പ്രകാരം റെക്കോര്‍ഡ് യാത്രക്കാര്‍ സഞ്ചരിച്ച ഒക്ടോബറില്‍ 39.5 ശതമാനം പേരും യാത്രയ്ക്കായി ആശ്രയിച്ചത് ഇന്‍ഡിഗോ എയര്‍ലൈന്‍സിനെയാണ്. 17.2 ശതമാനം പങ്കാളിത്തവുമായി ജെറ്റ് എയര്‍വേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യയും 13 ശതമാനം വീതം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചപ്പോള്‍ ഗോ എയര്‍ 8.8 ശതമാനം പേരുമായി പറന്നു. 

അതേസമയം കൂടുതല്‍ ആളുകള്‍ വ്യോമയാനമേഖലയിലേക്ക് വരുന്നുണ്ടെങ്കിലും ഇത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങള്‍ രാജ്യത്തെ പ്രധാന വിമാനത്തവളങ്ങളില്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ കനത്ത ട്രാഫിക്ക് രേഖപ്പെടുത്തുന്ന ഡല്‍ഹി,മുംബൈ വിമാനത്താവളങ്ങളില്‍ ഇനി കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള സൗകര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. മുംബൈ-ഡല്‍ഹി വിമാനത്താവളങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് നവി മുംബൈയിലും ഗ്രേറ്റര്‍ നോയിഡയിലും പുതിയ വിമാനത്താവളങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവര്‍ത്തന സജ്ജമാക്കുവാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.  

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യന്‍ വ്യോമയാനമേഖലയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ രാജ്യം വളരെ പിറകിലാണ്. ആഗോളതലത്തിലെ അഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ജപ്പാനെ പിന്നിലേക്ക് തള്ളി ഇന്ത്യ മൂന്നാം സ്ഥാനം നേടിയത് കഴിഞ്ഞ വര്‍ഷമാണ്. ഈ വര്‍ഷം ഫിബ്രുവരിയിലാണ്  പ്രതിമാസം ഒരു കോടിയിലേറെ അഭ്യന്തരവിമാനയാത്രികര്‍ എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയത്. 

click me!