
ദില്ലി: ഉത്തരകൊറിയയില്‍ നിന്നും ഇന്ത്യ 2.4 മില്ല്യണ്‍ ഡോളറിന്റെ ലോഹങ്ങള്‍ ഇറക്കുമതി ചെയ്തതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ വിദഗ്ദ്ധസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സ്റ്റീല്‍, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ലോഹങ്ങളാണ് ഇന്ത്യ ഉത്തരകൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്തത്. വിലകൂടിയ ചില ലോഹങ്ങളും കല്ലുകളും ഇതിന് പകരം ഇന്ത്യ ഉത്തരകൊറിയയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു. ഏതാണ്ട് ആറ് ലക്ഷം ടണ്ണോളം ഭാരം വരുന്ന വസ്തുകള്‍ ഇന്ത്യയില്‍ നിന്നും ഉത്തരകൊറിയയിലേക്ക് കയറ്റുമതി ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന് കീഴിലുള്ള പ്രത്യേക വിദഗ്ദ്ധ സമിതിയാണ് ഇന്ത്യയും ഉത്തരകൊറിയയും തമ്മിലുള്ള വ്യാപരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഉത്തരകൊറിയയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ നേരത്തെ വിലക്കിയിരുന്നു.
2017 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ, ചൈന, പാകിസ്താന്‍, റഷ്യ, ബൊളീവിയ, ചിലി, ബാര്‍ബഡോസ്, കോസ്റ്റാറിക്ക, എല്‍ സാവദോര്‍, അയര്‍ലന്‍ഡ്, മെക്‌സിക്കോ, ഫിലിപ്പീന്‍സ്... എന്നീ രാജ്യങ്ങളിലേക്ക് ഉത്തരകൊറിയ ലോഹങ്ങള്‍ കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭരണനിര്‍മ്മാണത്തിനുപയോഗിക്കുന്ന കല്ലുകളും വജ്രങ്ങളുമാണ് ഇന്ത്യയില്‍ നിന്നും ഉത്തരകൊറിയയിലേക്ക് പോയതെന്നാണ് സൂചന.
അമേരിക്കയുടെ നേതൃത്വത്തില്‍ ഉത്തരകൊറിയക്കെതിരെ കര്‍ശനമായ സാമ്പത്തിക ഉപരോധം നിലവിലുണ്ടെങ്കിലും ലോകത്തെ പല രാജ്യങ്ങള്‍ക്കും ഉത്തരകൊറിയയുമായി സജീവവ്യാപാര ബന്ധമുണ്ടെന്നാണ് വിദഗ്ദ്ധ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. അമേരിക്കയുടെ സുഹൃദ് രാഷ്ട്രമായ ഫ്രാന്‍സിനടക്കം വിലക്കപ്പെട്ട രാഷ്ട്രവുമായി വ്യാപാരബന്ധമുണ്ട്. പലതരം ലോഹങ്ങളാണ് ഉത്തരകൊറിയ ഈ രാജ്യങ്ങളിലേക്കെല്ലാം കയറ്റുമതി ചെയ്യുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.