ഇന്ത്യ -വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് പോരാട്ടം; കേരള വിനോദ സഞ്ചാര മേഖലയ്ക്ക് നിര്‍ണ്ണായകം

By Web TeamFirst Published Oct 28, 2018, 5:30 PM IST
Highlights

തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിന്‍റെ ഭാഗമായി തലസ്ഥാനത്തെ ഹോട്ടലുകളും പ്രധാന ടൂറിസം കേന്ദ്രങ്ങളും ഇപ്പോഴേ സഞ്ചാരികള്‍ക്കായി തയ്യാറായിക്കഴിഞ്ഞു. പ്രളയശേഷം പ്രതിസന്ധിയിലായ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് അത് മറികടക്കാന്‍ ക്രിക്കറ്റ് ടൂറിസം വളരെ മികച്ച ഒരഅവസരമാണ്.


ഈ വര്‍ഷത്തെ കേരളപ്പിറവി ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വരുന്ന നവംബര്‍ ഒന്നിനാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ -വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് പോരാട്ടം നടക്കുന്നത്. 

ഇന്ത്യ- വിന്‍ഡീസ് ഏകദിനം ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയ്ക്കും ആവേശം നല്‍കുന്നുണ്ട്. ക്രിക്കറ്റ് ടൂറിസമാണ് ആ ആവേശത്തിന് കാരണം.

ഈ മത്സരത്തോടെ  സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസത്തിന്റെ നല്ലനാളുകള്‍ വരുമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവർ ഉറച്ച് വിശ്വസിക്കുന്നത്.  

ഒരു പ്രദേശത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ അതിനെ തുടര്‍ന്ന് ആ പ്രദേശത്തെ ടൂറിസം മേഖലയിലുണ്ടാകുന്ന വളര്‍ച്ചയാണ് ക്രിക്കറ്റ് ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരമായി, ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ പോലെയുളളവര്‍ വന്നുപോയ സ്ഥലങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ക്ക് എന്നും ആവേശമാണ്. 

മാത്രമല്ല, ഇന്ത്യ-വെസ്റ്റിന്‍ഡീസ് പോലെയുളള മത്സരങ്ങള്‍, അന്താരാഷ്ട്ര തലത്തില്‍ സംപ്രേക്ഷണം ചെയ്യുന്നവയായതിനാല്‍ കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഈ മത്സരത്തിലൂടെ ലഭിക്കുന്ന പ്രെമോഷൻ ഏറെ ഗുണകരമാണ്. 

തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിന്‍റെ ഭാഗമായി തലസ്ഥാനത്തെ ഹോട്ടലുകളും പ്രധാന ടൂറിസം കേന്ദ്രങ്ങളും ഇപ്പോഴേ സഞ്ചാരികള്‍ക്കായി തയ്യാറായിക്കഴിഞ്ഞു. പ്രളയശേഷം പ്രതിസന്ധിയിലായ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് അത് മറികടക്കാന്‍ ക്രിക്കറ്റ് ടൂറിസം വളരെ മികച്ച ഒരഅവസരമാണ്.

സാധാരണ നവരാത്രിക്കാലം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് മികച്ച സമയമായാണ് കരുതുന്നത്. നവരാത്രിക്കാലത്ത് ഉത്തരേന്ത്യയിൽ അനേകം ഒഴിവ് ദിനങ്ങൾ ഉളളതിനാലാണിത്. എന്നാൽ, പ്രളയത്തിൽ കേരളം തകർന്നെന്ന പ്രചാരണം സഞ്ചാരികളുടെ വരവിൽ കുറവ് വരുത്തി. മുൻ വർഷങ്ങളിൽ ലഭിച്ചതിന്റെ 30 ശതമാനം ബുക്കിങ് മാത്രമാണ് ഇക്കുറി നവരാത്രിക്കാലത്തുണ്ടായത്. ഇതിനാൽ തന്നെ വരാനിരിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് പ്രധാന്യമേറെയാണ്.

  

വരാനിരിക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ സീസണ് ഇന്ത്യ-വെസ്റ്റിൻഡീസ് ആവേശപ്പോരാട്ടത്തിൽ നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. നവംബർ ഒന്നിന് നടക്കാൻ പോകുന്ന ഏകദിനം മത്സരം ടൂറിസം പ്രചാരണ പരിപാടികൾക്കായി ഉപയോഗപ്പെടുത്താനുളള ശ്രമത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പും. വിനോദ സഞ്ചാര മേഖലയ്ക്കൊപ്പം നമ്മൾക്കും കാത്തിരിക്കാം ഇന്ത്യ-വിൻഡീസ് ഏകദിന പോരാട്ടത്തിനായി. 

click me!