റിസര്‍വ് ബാങ്കിന്‍റെ അധികാരങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു; ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

By Web TeamFirst Published Oct 27, 2018, 9:19 PM IST
Highlights

ഇന്ത്യന്‍ സമ്പദ്ഘടനയെ നിയന്ത്രിക്കാനുളള റിസര്‍വ് ബാങ്കിന്‍റെ സ്വാതന്ത്രത്തില്‍ സര്‍ക്കാര്‍ കൈകടത്തുകയാണെന്നും, റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. പൊതു മേഖല ബാങ്കുകളെ നിയന്ത്രിക്കുന്നതിനുളള റിസര്‍വ് ബാങ്കിന്‍റെ അധികാരത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്നും വിരാല്‍ ആചാര്യ അഭിപ്രായപ്പെട്ടു.

മുംബൈ: റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നയപരമായ പ്രശ്നങ്ങളുണ്ടെന്നതിന് സൂചനകള്‍ നല്‍കി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ. ഇന്ത്യന്‍ സമ്പദ്ഘടനയെ നിയന്ത്രിക്കാനുളള റിസര്‍വ് ബാങ്കിന്‍റെ സ്വാതന്ത്രത്തില്‍ സര്‍ക്കാര്‍ കൈകടത്തുകയാണെന്നും, റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. പൊതു മേഖല ബാങ്കുകളെ നിയന്ത്രിക്കുന്നതിനുളള റിസര്‍വ് ബാങ്കിന്‍റെ അധികാരത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്നും വിരാല്‍ ആചാര്യ അഭിപ്രായപ്പെട്ടു.

കേന്ദ്ര ബാങ്കിന്‍റെ സ്വാതന്ത്രത്തെ അട്ടിമറിക്കുന്നതിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് 'തീര്‍ത്തും നാശനഷ്ടം' ഉണ്ടാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അടുത്ത മേയ് മാസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നയങ്ങള്‍ ലഘൂകരിക്കാന്‍ റിസര്‍വ് ബാങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലത്തുന്നു. 

പ്രമുഖ വ്യവസായികളുമായുളള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 2010 ല്‍ അര്‍ജന്‍റീനന്‍ കേന്ദ്ര ബാങ്കിന്‍റെ അധികാരങ്ങളില്‍ അവിടുത്തെ സര്‍ക്കാര്‍ ഇടപെട്ടത് പിന്നീട് ആ രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി അദ്ദേഹം വാദിച്ചു. അത് നിക്ഷേപകരുടെ കലാപത്തിനും ബോണ്ട് യീൽഡിനും ഇടയാക്കി, തെക്കേ അമേരിക്കൻ രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി അവസ്ഥയിലേക്ക് തകര്‍ന്നടിയാന്‍ ആ അനാവശ്യ ഇടപെടല്‍ കാരണമായതായും ആചാര്യ പറഞ്ഞു.

റിസര്‍വ് ബാങ്കിന്‍റെ മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളാണ് വിരാല്‍ ആചാര്യ. രൂപയുടെ മൂല്യത്തകര്‍ച്ചയും, എണ്ണ വില വര്‍ദ്ധനവും, പൊതു മേഖല ബാങ്കുകളിലെ കിട്ടക്കടം വര്‍ദ്ധിക്കുന്നതും വലിയ ആഘാതം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നയപരമായ ഭിന്നതയുളളതായുളള സൂചനകള്‍ പുറത്തുവരുന്നത്.       

click me!