ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നത് ചൈനയില്‍? അവകാശവാദവുമായി ചൈനീസ് മാധ്യമം

By Web TeamFirst Published Aug 13, 2018, 3:37 PM IST
Highlights

തായ്‍ലന്റ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യ, ബ്രസീല്‍, പോളണ്ട് എന്നിങ്ങനെയുള്ള രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചുവെന്ന് ചൈനയില്‍ നോട്ടുകള്‍ അച്ചടിക്കുന്ന ബാങ്ക് നോട്ട് പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയിഷെങിനെ ഉദ്ധരിച്ചാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ദില്ലി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നോട്ടുകള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ചൈനീസ് മാധ്യമങ്ങള്‍. സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ ചൈനിയിലെ കറന്‍സി പ്രിന്റിങ് മേഖലയെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനത്തിലാണ് ഇത്തരമൊരു പരമാര്‍ശമുള്ളത്. അതീവ സുരക്ഷയില്‍ റിസര്‍വ് ബാങ്ക് ഇന്ത്യയില്‍ അച്ചടിക്കുന്നുവെന്ന് കരുതപ്പെടുന്ന നോട്ടുകളുടെ അച്ചടി ചൈനയിലാണ് നടക്കുന്നതെന്നത് അവകാശപ്പെടുന്ന വാര്‍ത്ത പുറത്തുവന്നതോടെ ശശി തരൂര്‍ എം.പി അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

അടുത്തകാലത്തായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നോട്ടുകള്‍ അച്ചടിക്കാന്‍ വന്‍ ഓര്‍ഡറുകളാണ് ചൈനയ്ക്ക് ലഭിക്കുന്നതെന്ന് ലേഖനം അവകാശപ്പെടുന്നു. ഏതാനും വര്‍ഷങ്ങള്‍ വരെയും ചൈന വിദേശ കറന്‍സികള്‍ അച്ചടിച്ചിരുന്നില്ല. 2015ല്‍ നേപ്പാളിന് വേണ്ടി 100 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങി. അതിന് ശേഷം തായ്‍ലന്റ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യ, ബ്രസീല്‍, പോളണ്ട് എന്നിങ്ങനെയുള്ള രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചുവെന്ന് ചൈനയില്‍ നോട്ടുകള്‍ അച്ചടിക്കുന്ന ബാങ്ക് നോട്ട് പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയിഷെങിനെ ഉദ്ധരിച്ചാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഇത് വളരെ ചെറിയ ഒരു കണക്ക് മാത്രമാണെന്നും ചൈനയില്‍ നോട്ടുകള്‍ അച്ചടിക്കുന്ന രാജ്യങ്ങളുടെ യഥാര്‍ത്ഥ എണ്ണം പുറത്തുവിടാനാവില്ലെന്നും ഉദ്ദ്യോഗസ്ഥര്‍ പറയുന്നു. സ്വന്തം രാജ്യങ്ങളില്‍ വിവാദമുണ്ടാകുമെന്ന് ഭയന്ന് നോട്ടുകള്‍ അച്ചടിക്കുന്ന കാര്യം പുറത്തുപറയരുതെന്ന് ചില രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ ആവശ്യപ്പെടാറുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു. വാര്‍ത്ത സത്യമാണെങ്കില്‍ അത് ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. പാകിസ്ഥാന് ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കാന്‍ പിന്നെ എളുപ്പമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

If true, this has disturbing national security implications. Not to mention making it easier for Pak to counterfeit. please clarify! https://t.co/POD2CcNNuL

— Shashi Tharoor (@ShashiTharoor)
click me!