രോ​ഗശാന്തിയും ദേഹകാന്തിയും പകരുന്ന ഇന്ദുകാന്തഘൃതം

By Web DeskFirst Published May 3, 2018, 1:46 PM IST
Highlights
  •  രോഗശാന്തിയും, ദേഹകാന്തിയും ഒരുപോലെ പ്രദാനം ചെയ്യുന്നുവെന്നതാണ് ഇന്ദുകാന്തഘൃതത്തിന്റെ പ്രത്യേകത.

ആധുനികകാലത്തെ രോഗങ്ങളെ പോലും ചികില്‍സിക്കുന്നതിനാവശ്യമായ ഔഷധങ്ങള്‍ പുരാതനകാലത്തെ ആയുര്‍വേദത്തിന് അറിയാമായിരുന്നുവെന്നതിന് ഉദാഹരണമാണ് ഇന്ദുകാന്തഘൃതം.  കംപ്യൂട്ടറിനും സ്മാര്‍ട്‌ഫോണുകള്‍ക്കും മുന്നില്‍ തളച്ചിടപ്പെടുന്ന യുവത്വത്തിന് ആശ്വാസമേകുന്ന ഔഷധങ്ങളില്‍ പ്രഥമസ്ഥാനമാണ് ഇന്ദുകാന്തഘൃതത്തിനുള്ളത്.

കേരളീയപാരമ്പര്യം ആയുര്‍വേദത്തിന് നല്‍കിയ നിസ്തുലമായ സംഭാവനകളില്‍ ഒന്നാണ് ഈ ഔഷധം.  രോഗശാന്തിയും ദേഹകാന്തിയും ഒരുപോലെ പ്രദാനം ചെയ്യുന്നുവെന്നതാണ് ഇന്ദുകാന്തഘൃതത്തിന്റെ പ്രതേ്യകത.  അതുകൊണ്ടാണ് ചന്ദ്രന് തുല്യമായ ആരോഗ്യാവസ്ഥയെ സൂചിപ്പിക്കുന്ന ഇന്ദുകാന്തം എന്ന പേര് ഈ ഔഷധത്തിന് കിട്ടിയത്. സഹസ്രയോഗമെന്ന കേരളീയ ഔഷധഗ്രന്ഥത്തിലാണ് ഈ യോഗം പറഞ്ഞിട്ടുള്ളത്.

ഞെട്ടാവല്‍ത്തൊലി, ദേവതാരം, ദശമൂലം മുതലായ പതിനെട്ട് മരുന്നുകളും നെയ്യും പാലും ചേര്‍ത്താണ് ഇന്ദുകാന്തം തയ്യാറാക്കുന്നത്.  വാതരോഗങ്ങള്‍, ക്ഷയം, തീവ്രമായ ഉദരരോഗങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പനി എന്നിവയുടെ ചികില്‍സയ്ക്കാണ് ഇന്ദുകാന്തഘൃതം ഉപയോഗിക്കുന്നത്. ഇതോടൊപ്പം രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് നാനാവിധ രോഗങ്ങളില്‍നിന്ന് മുക്തിനേടാനും ഈ മരുന്ന് സഹായകമാകുന്നു.  പ്രായഭേദമെന്യേ ആര്‍ക്കും ഉപയോഗിക്കാവുന്ന ഔഷധമാണിത്.

നെയ്യ് ഉപയോഗിക്കാനാകാത്ത സാഹചര്യങ്ങളില്‍ ഇന്ദുകാന്തം കഷായം, ഇന്ദുകാന്താമൃതം സിറപ്പ് എന്നിവ പകരം നിര്‍ദേശിക്കാറുണ്ട്.  ഇന്ദുകാന്തം ക്വാഥമെന്ന പേരില്‍ ടാബ്‌ലറ്റായും ഈ മരുന്ന് വിപണിയിലുണ്ട്.മോട്ടോര്‍ ന്യൂറോണ്‍ ഡിസീസസ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് മുതലായ താരതമേ്യന ആധുനികങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന രോഗങ്ങളുടെ ചികില്‍സയിലും ഈ ഔഷധം ശുപാര്‍ശ ചെയ്യുന്നുണ്ട്.  കോശങ്ങളുടെ അകാലവാര്‍ദ്ധക്യത്തെ തടഞ്ഞ് യൗവനം നിലനിര്‍ത്താനും ഇന്ദുകാന്തഘൃതം ഫലപ്രദമാണ്.

click me!