കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് 'സന്തോഷ വീടുകള്‍' പദ്ധതിയുമായി ജോയ് ആലുക്കാസ്

By Web TeamFirst Published Sep 24, 2018, 5:52 PM IST
Highlights

ഓരോ വീടിനും ആറ് ലക്ഷം രൂപ വീതം ചിലവഴിച്ച് 250 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും അറിയിച്ചു. 

തിരുവനന്തപുരം: പ്രളയം തകര്‍ത്തുകളഞ്ഞ കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്ക് ചേര്‍ന്ന് ജോയ് ആലുക്കാസ്. സന്തോഷ വീടുകള്‍ (ജോയ് ഹോംസ്) എന്ന പേരില്‍ 15 കോടി രൂപ മുതല്‍ മുടക്കി 250 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് ജോയ് ആലുക്കാസിന്‍റെ പദ്ധതിയിടുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ ഭാഗമായ ജോയ് ആലുക്കാസ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 

ഓരോ വീടിനും ആറ് ലക്ഷം രൂപ വീതം ചിലവഴിച്ച് 250 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും അറിയിച്ചു. റീബില്‍ഡിങ് കേരള എന്ന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന് കരുത്തേകുകയാണ് ജോയ് ആലുക്കാസിന്‍റെ ലക്ഷ്യം.

പദ്ധതിയുടെ വിവരങ്ങള്‍ സര്‍ക്കാരിന് അയ്ച്ചിട്ടുണ്ടെന്നും അതാത് മേഖലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുകയെന്നും ജോയ് ആലുക്കാസ് പറഞ്ഞു. പ്രളയത്തിലും മണ്ണിടിച്ചിലിലും പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ തൊട്ടടുത്തുളള വ്യാപാര സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമിലൂടെ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നീട് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരായവരെ തിരഞ്ഞെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. 

ജോയി ആലുക്കാസിന്‍റെ ജോയ് ഹോംസ് (സന്തോഷ വീടുകള്‍) പദ്ധതിക്ക് കീഴില്‍ പരിസ്ഥിതിക്ക് അനുകൂലമായ രീതിയിലാവും വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക. വിദഗ്ധരായ ആര്‍കിടെക്ടുകളുടെ മേല്‍ നോട്ടത്തിലാവും ജോയ് ഹോംസ് പദ്ധതി നടപ്പാക്കുക. 

click me!