സംസ്ഥാന ബജറ്റ് നാളെ; അധിക വിഭവ സമാഹരണം മുഖ്യ ലക്ഷ്യം

By Asianet NewsFirst Published Jul 7, 2016, 1:33 AM IST
Highlights

തിരുവനന്തപുരം: പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നാളെ. അടിസ്ഥാന സൗകര്യ വികസനത്തിന് അധിക വിഭവസമാഹരണവും ക്ഷേമ പെന്‍ഷനുകളുടെ വര്‍ദ്ധനവുമടക്കം ജന സൗഹൃദ പദ്ധതികളിലൂന്നിയാകും തോമസ് ഐസകിന്റെ ബജറ്റ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ടെന്നാണു വിവരം. അതേസമയം  കര്‍ശന ചെലവു ചുരുക്കല്‍ നടപടികള്‍ക്കും ബജറ്റ് നിര്‍ദ്ദേശം ഉണ്ടാകും.

ക്ഷേമപെന്‍ഷനുകള്‍ കൂടും, ന്യായവില ശൃംഘല മെച്ചപ്പടുത്താനും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനും നടപടിയുണ്ടാകും. നികുതി വരുമാനം 13ല്‍ നിന്ന് 25 ശതമാനത്തിലേക്ക് ഉയര്‍ത്തും. ഇതിനായി സാങ്കേതിക സംവിധാനം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങളുണ്ടാകും. വരുന്ന വര്‍ഷം ആദ്യം നിലവില്‍ വരുന്ന വിധം നിയമ ഭേദഗതി അടക്കമുള്ള കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ചെക്‌പോസ്റ്റുകളിലെ ചോര്‍ച്ച തടയാനും നിക്ഷേപ സൗഹൃദ പദ്ധതികള്‍ വരും.

കാര്‍ബണ്‍ ന്യൂട്രാലിറ്റി അടക്കം പരിസ്ഥിതി സൗഹൃദ നിര്‍ദ്ദേശങ്ങള്‍ക്കും ശുചിമുറികള്‍ അടക്കം സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും ബജറ്റ് ഊന്നല്‍ നല്‍കും. അതേസമയം വന്‍ ചെലവു ചുരുക്കല്‍ നടപടികള്‍ തന്നെയാകും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിന്റെ ഹൈലൈറ്റ്. വന്‍കിട പദ്ധതികള്‍ക്ക് പണം അനുവദിക്കാനിടയില്ല. ഉദ്യോഗസ്ഥരുടെ പുനര്‍ വിന്യാസമടക്കമുള്ള നടപടികള്‍ക്കും സാധ്യയുണ്ട്. സാധാരണക്കാര്‍ക്കു ബാധ്യത വരാത്താത്തവിധം നികുതി ഘടനയില്‍ പൊളിച്ചെഴുത്തും പ്രതീക്ഷിക്കുന്നു.

click me!