കേരള ബജറ്റ്: മദ്യ, ഇന്ധന നികുതികള്‍ വര്‍ധിപ്പിച്ചേക്കില്ല

By Web TeamFirst Published Jan 21, 2019, 11:32 AM IST
Highlights

ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്തിന് മാറ്റം വരുത്താന്‍ കഴിയുന്ന പ്രധാന നികുതികള്‍ മദ്യ, ഇന്ധന, മോട്ടോര്‍ വാഹന നികുതികള്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. 

തിരുവനന്തപുരം: ഈ മാസം 31 ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ മദ്യനികുതി, ഇന്ധന നികുതി എന്നിവ വര്‍ധിപ്പിക്കാന്‍ സാധ്യയില്ല. ഇന്ധന നികുതി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും മുന്‍പ് ഇന്ധനവില ഉയര്‍ന്നപ്പോള്‍ കുറവ് ചെയ്ത ഒരു രൂപ നികുതി സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നേക്കും. 

ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്തിന് മാറ്റം വരുത്താന്‍ കഴിയുന്ന പ്രധാന നികുതികള്‍ മദ്യ, ഇന്ധന, മോട്ടോര്‍ വാഹന നികുതികള്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. സര്‍ക്കാരിന് പണം ആവശ്യമുളളപ്പോഴൊക്കെ മദ്യത്തിന് വിലകൂട്ടുന്നു എന്ന ആക്ഷേപം കൂടി കണക്കിലെടുത്ത് ഈ വര്‍ഷം മദ്യ നികുതിയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല.

ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയ ജിഎസ്ടിക്ക് മേലുളള ഒരു ശതമാനം സെസ് ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാവും ചുമത്തുകയെന്ന തീരുമാനമാകും ഈ ബജറ്റിലെ ഏറ്റവും നിര്‍ണ്ണായകം. ഒരു ശതമാനം സെസിലൂടെ 1,000 കോടി രൂപ ഈയിനത്തില്‍ പിരിച്ചെടുക്കാമെന്നാണ് കേരള സര്‍ക്കാരിന്‍റെ പ്രതീക്ഷ.

ഈ മാസം 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാവും ബജറ്റ് സമ്മേളനത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുക. കേന്ദ്ര ബജറ്റിന് തലേന്ന് ജനുവരി 31നാണ് സംസ്ഥാന ബജറ്റ്. 

click me!