
തിരുവനന്തപുരം: യൂണിയന്‍ ബജറ്റിന് പിന്നാലെ മിതത്വം പാലിച്ചും വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെയും കേരളസര്‍ക്കാരിന്റെ ബജറ്റ്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ജിഎസ്ടിയുടെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക വെളിപ്പെടുത്തിയും കടുത്ത ചിലവു ചുരുക്കല്‍ നടപടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശമേഖലയ്ക്ക് രണ്ടായിരം കോടി രൂപയുടെ പാക്കേജും വനിതാക്ഷേമത്തിനായി 1207 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ആയിരം കോടി അനുവദിക്കുമെന്നും മാര്‍ച്ചിനകം പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയില്‍ പെന്‍ഷന്‍ കുടിശ്ശിക വരാതിരിക്കാന്‍ സഹകരണബാങ്കുകളും പ്രാഥമിക സഹകരണസംഘങ്ങളേയും ചേര്‍ത്തൊരു കണ്‍സോര്‍ഷ്യമുണ്ടാക്കി വായ്പയെടുക്കാനാണ് ബജറ്റ് നിര്‍ദേശിക്കുന്നത്.
വനിതാ ക്ഷേമത്തിനും സ്ത്രീസുരക്ഷയ്ക്കുമായി 1207 കോടി രൂപയാണ് ബജറ്റില്‍ മാറ്റി വച്ചിരിക്കുന്നത്. എക്കാലത്തേയും റെക്കോര്‍ഡ് വിഹിതമാണത്. കൊച്ചിയില്‍ നാല് കോടി ചിലവില്‍ വനിതാ ഹോസ്റ്റല്‍ നിര്‍മ്മിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നതിന് കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയ മന്ത്രി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ അനര്‍ഹര്‍ അത് തിരിച്ചടയ്ക്കണമെന്നും ഉത്തരവിട്ടുണ്ട്. 2015- ഭൂനികുതികള്‍ പുനസ്ഥാപിച്ചു കൊണ്ട് ഭൂനികുതി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജിഎസിടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനമുണ്ടായിട്ടില്ലെന്ന് തുറന്നു സമ്മതിച്ച തോമസ് ഐസക് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ജിഎസ്ടിയില്‍ നിന്നും ഭാവിയില്‍ എങ്ങനെ വരുമാനം വര്‍ധിക്കുമെന്ന് വ്യക്തയില്ലെന്നും തുറന്നു സമ്മതിച്ചു. സാമ്പത്തികഞെരുക്കം രൂക്ഷമായ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചിലവ് ചുരുക്കാന്‍ അദ്ദേഹം ശ്രമമാരംഭിച്ചത്.
വകുപ്പ് മേധാവികള്‍ക്ക് ഒഴിച്ചു മറ്റു ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങള്‍ക്ക് വാങ്ങുന്നത് വിലക്കിയ ബജറ്റ്, ഉദ്യോഗസ്ഥരുടെ വിനോദയാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും, ഫോണ്‍ ബില്ലുകള്‍ക്ക് വന്‍തുക പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കും മുന്‍പ് ജീവനക്കാരുടെ വിന്യാസത്തെക്കുറിച്ച് വിദഗ്ദ്ധ പഠനം നടത്തുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ പരാമവധി വീഡിയോ കോണ്‍ഫറന്‍സിനെ ആശ്രയിക്കണമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.