ഐക്യരാഷ്ട്ര സംഘടനയും നിതി ആയോഗും ചേര്‍ന്ന് കേരളത്തിന് 'റാങ്ക്' നല്‍കി

By Web TeamFirst Published Dec 24, 2018, 3:28 PM IST
Highlights

വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്കിട്ടപ്പോള്‍ കേരളത്തിന് 100 ല്‍ 69 മാര്‍ക്ക് കിട്ടി. ഹിമാചല്‍ പ്രദേശിനും 69 മാര്‍ക്ക് ആണ് ലഭിച്ചത്. തൊട്ട് പിന്നിലുളള തമിഴ്നാടിന് ലഭിച്ചത് 66 മാര്‍ക്കും. 

ദില്ലി: സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി മേഖലകളില്‍ കൈവരിച്ച വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സഹായത്തോടെ നിതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ കേരളം മുന്നില്‍. 13 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് നിതി ആയോഗ് പട്ടിക തയ്യാറാക്കിയത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ക്കിട്ടപ്പോള്‍ കേരളത്തിന് 100 ല്‍ 69 മാര്‍ക്ക് കിട്ടി. ഹിമാചല്‍ പ്രദേശിനും 69 മാര്‍ക്ക് ആണ് ലഭിച്ചത്. തൊട്ട് പിന്നിലുളള തമിഴ്നാടിന് 66 മാര്‍ക്കാണ് ലഭിച്ചത്. 

ജനങ്ങളുടെ പട്ടിണി അകറ്റുന്നതിലും, മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിലും, വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച മുന്നേറ്റവുമാണ് കേരളത്തിന് ഉയര്‍ന്ന റാങ്ക് ലഭിക്കാന്‍ സഹായിച്ചത്. ഇത്രയും വിപുലമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ച സംബന്ധിച്ച സുസ്ഥിര വികസന സൂചിക തയ്യാറാക്കുന്നത് ആദ്യമാണെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പറഞ്ഞു. 

ശുചിത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയില്‍ കൈവരിച്ച നേട്ടമാണ് ഹിമാചല്‍ പ്രദേശിനെ കേരളത്തിനൊപ്പമെത്തിച്ചത്. യുപി, ബിഹാര്‍, അസം എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിന്നിലുളള സംസ്ഥാനങ്ങള്‍. ആഗോളതലത്തില്‍ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കാനുളള ഐക്യരാഷ്ട്ര സംഘടന പദ്ധതിയുടെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയത്. 

click me!