
കോഴിക്കോട്: വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അനുയോജ്യമാണെന്ന് എയര്‍ ഇന്ത്യയുടെ വിദഗ്ദ്ധ സംഘത്തിന്‍റെ വിലയിരുത്തല്‍. മുംബൈയില്‍നിന്നെത്തിയ ഉദ്യോഗസ്ഥരാണ് റണ്‍വേ പരിശോധിച്ചത്.
എയര്‍ ഇന്ത്യ ആസ്ഥാനത്തുനിന്ന് അനുമതി കിട്ടിയാല്‍ കോഡ് ഇ വിഭാഗത്തില്‍പ്പെട്ട 350 സീറ്റുകള്‍ വരെയുള്ള വിമാനങ്ങൾ സര്‍വ്വീസ് തുടങ്ങും. അതേസമയം വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി കരിപ്പൂര്‍ വിമാനത്താവളത്തിന് ഇപ്പോഴും കിട്ടിയിട്ടില്ല.
ഒരാഴ്ചക്കകം അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു. നിലവില്‍ 200 സീറ്റ് വരെയുള്ള ചെറിയ വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നത്.