ആധാറുമായി ബന്ധപ്പെട്ട് ഈ അവസാന തീയ്യതികള്‍ മറക്കരുത്

By Web DeskFirst Published Sep 25, 2017, 7:51 PM IST
Highlights

ദില്ലി: വിവിധ ക്ഷേമ പദ്ധതികള്‍ക്കും മറ്റ് അവശ്യ സേവനങ്ങള്‍ക്കുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാതെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല. ഇതിന് പുറമെ മൊബൈല്‍ കണക്ഷനുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

1. ആധാറും പാന്‍ കാര്‍ഡും
ആദായ നികുതി നിയമം ഭേദഗതി ചെയ്താണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ നിലവില്‍ ആധാര്‍ നിര്‍ബന്ധമാണ്. നികുതി വെട്ടിപ്പ് തടയാനെന്ന പേരിലാണ് സര്‍ക്കാറിന്റെ നടപടി. 2017 ഡിസംബര്‍ 31 വരെയാണ് ആധാറും പാനും ബന്ധിപ്പിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്ത് ആധാരും പാനും ബന്ധിപ്പിക്കാം. പേരും ജനന തീയ്യതിയും പോലുള്ള വിവരങ്ങള്‍ സൈറ്റില്‍ നല്‍കണം. ഇവ ശരിയായി നല്‍കിയില്ലെങ്കില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ല.

2. സിം കാര്‍ഡും ആധാറും
2018 ഫെബ്രുവരി വരെ മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കാതെ ഉപയോഗിക്കാന്‍ കഴിയും. അതിനുമുമ്പ് നിലവില്‍ ഉപയോഗത്തിലുള്ള എല്ലാ മൊബൈല്‍ സിം കാര്‍ഡുകളും ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും. ഇതിനായി ഇപ്പോള്‍ തന്നെ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അതനുസരിച്ച് കമ്പനികളുടെ ഓഫീസുകളുമായോ പ്രത്യേകം സജ്ജീകരിക്കുന്ന കൗണ്ടറുകളുമായോ ബന്ധപ്പെട്ട് കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കാം.

3. ബാങ്ക് അക്കൗണ്ടുകള്‍
ബാങ്ക് അക്കൗണ്ടുകളിലെ കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ എല്ലാ അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2017 ഡിസംബര്‍ 31ന് മുന്‍പ് രാജ്യത്തെ എല്ലാ ബാങ്കുകളിലുമുള്ള എല്ലാ തരം അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ബാങ്ക് ശാഖകളിലില്‍ പോയി നേരിട്ട് നിങ്ങള്‍ക്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാം.

മിക്ക ബാങ്കുകളും തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് വെബ്സൈറ്റുകള്‍ വഴിയും മൊബൈല്‍ ബാങ്കങ്ങ് ആപ്പുകള്‍ വഴിയും ആധാര്‍ ബന്ധിപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. എ.ടി.എം കൗണ്ടറുകള്‍ വഴിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകള്‍ ഇതിനുള്ള സൗകര്യമൊരുക്കുന്നുണ്ട്.

click me!