ഗ്രാറ്റുവിറ്റി പരിധി ഉയരും; ബില്‍ ലോക്സഭ പാസാക്കി

By Web DeskFirst Published Mar 15, 2018, 11:04 PM IST
Highlights

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ ശക്തമായ ബഹളത്തിനിടെയായിരുന്നു തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ദില്ലി: ഗ്രാറ്റുവിറ്റി നിയമഭേദഗതി ബില്‍ ഇന്ന് ലോക്‌സഭ പാസാക്കി. നിലവിലെ പത്ത് ലക്ഷമെന്ന പരിധി  ഉയര്‍ത്തുന്നതിന് പുറമെ ഗ്രാറ്റുവിറ്റി പരിധിയില്‍ സമയാസമയങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത് കൂടിയാണ് ബില്‍. 

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ ശക്തമായ ബഹളത്തിനിടെയായിരുന്നു തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. നികുതി രഹിത ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുമെന്ന് ബില്‍ അവതരിപ്പിക്കവെ തൊഴില്‍മന്ത്രി വ്യക്തമാക്കി. വനിതകള്‍ അടക്കമുള്ള ജീവനക്കാരെ സംബന്ധിച്ച് സുപ്രധാന നിയമ ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ബില്ലിന്‍മേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ പ്രതിപക്ഷത്ത് നിന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബഹളം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ച നടക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് ശബ്ദ വോട്ടോടെ ബില്‍ ലോക്സഭ പാസാക്കുകയായിരുന്നു.

click me!