ദില്ലിയിൽ ഒരു രാത്രിക്ക് വാടക രണ്ടര ലക്ഷം വരെ! ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് ആഡംബര ഹോട്ടലുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

Published : Sep 10, 2026, 03:13 PM IST
luxury hotel room

Synopsis

ദില്ലിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് ആഡംബര ഹോട്ടലുകളില്‍ മുറികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. വിദേശ പ്രതിനിധികളുടെ വരവോടെ ഹോട്ടല്‍ വാടക കുത്തനെ ഉയര്‍ന്നു. ചിലയിടങ്ങളില്‍ ഒരു രാത്രിക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് ചാർജ് വരുന്നത്. ഈ സാഹചര്യം ദില്ലിയിലെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ദില്ലിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് തലസ്ഥാനത്തെ ആഡംബര ഹോട്ടലുകളില്‍ മുറികള്‍ക്ക് വന്‍ ഡിമാന്‍ഡ്. വിദേശ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വരവോടെ ദില്ലിയിലെ മിക്കവാറും എല്ലാ പ്രമുഖ ഹോട്ടലുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്യപ്പെട്ട അവസ്ഥയിലാണ്.

ഉച്ചകോടി നടക്കുന്ന സെപ്റ്റംബര്‍ 12, 13 തീയതികളില്‍ മധ്യ ഡല്‍ഹിയിലെ പ്രമുഖ ഹോട്ടലുകളില്‍ മുറികള്‍ ലഭ്യമല്ല. താജ് മഹല്‍ ഹോട്ടല്‍, ഐടിസി മൗര്യ, ദി ലളിത് തുടങ്ങിയ പ്രമുഖ ഹോട്ടലുകളിലെല്ലാം ബുക്കിങ് ഏതാണ്ട് പൂര്‍ണ്ണമാണ്. മുറികള്‍ ലഭ്യമായ ഇടങ്ങളില്‍ വാടക കുത്തനെ ഉയര്‍ന്നു. ചില ആഡംബര ഹോട്ടലുകളില്‍ ഒരു രാത്രി തങ്ങുന്നതിന് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വാടക.

സാധാരണ നിരക്കുകളെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ ഹോട്ടലുകള്‍ ഈടാക്കുന്നത്. ഉയര്‍ന്ന ഡിമാന്‍ഡും കുറഞ്ഞ മുറികളുമാണ് ഇതിന് കാരണം.ഐടിസി മൗര്യ ഹോട്ടലിന്റെ വെബ്‌സൈറ്റ് പ്രകാരം ഈ ദിവസങ്ങളില്‍ ഒരു രാത്രിക്ക് ഏകദേശം 2.33 ലക്ഷം രൂപയാണ് വാടക.മേക്ക്‌മൈട്രിപ്പ് പോലുള്ള തേര്‍ഡ് പാര്‍ട്ടി ബുക്കിങ് പ്ലാറ്റ്ഫോമുകള്‍ വഴി പരിശോധിക്കുമ്പോള്‍ ഇതേ മുറിക്ക് 2.5 ലക്ഷം രൂപയോളമാണ് നിരക്ക് കാണിക്കുന്നത്.

ഹോട്ടല്‍ മേഖലയ്ക്ക് വന്‍ നേട്ടം

അന്താരാഷ്ട്ര പ്രതിനിധികളുടെ വരവ് ദില്ലിയിലെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വലിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. ഉച്ചകോടി നടക്കുന്ന വേദികള്‍ക്ക് സമീപമുള്ള മധ്യ ഡല്‍ഹിയിലെ ഹോട്ടലുകളിലാണ് തിരക്കും നിരക്കും ഏറ്റവും കൂടുതല്‍.

പ്രതിനിധികള്‍ മാത്രമല്ല, മാധ്യമങ്ങളും ബിസിനസ് യാത്രക്കാരും

ഔദ്യോഗിക പ്രതിനിധികള്‍ക്ക് പുറമെ അന്താരാഷ്ട്ര മാധ്യമങ്ങള്‍, വ്യവസായ പ്രമുഖര്‍, മറ്റു സന്ദര്‍ശകര്‍ എന്നിവരുടെ വരവാണ് ഈ ട്രെന്‍ഡിന് കാരണം. പലരും ഉച്ചകോടിയ്ക്ക് ശേഷവും ഡല്‍ഹിയില്‍ തങ്ങാന്‍ പദ്ധതിയിടുന്നതോടെ ഹോട്ടല്‍ മേഖലയ്ക്കൊപ്പം വിമാന സര്‍വീസുകള്‍ക്കും വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്

ക്ലിയര്‍ട്രിപ്പിലെ കണക്കുകള്‍ പ്രകാരം ബ്രിക്‌സ് ഉച്ചകോടി വാരാന്ത്യത്തില്‍ ദില്ലിയിലെ ആകെ ഹോട്ടല്‍ ബുക്കിങ്ങുകളില്‍ 25% വര്‍ധനയുണ്ട്. ബുക്കിങ് എണ്ണത്തില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തിയത് ബജറ്റ് ഹോട്ടലുകളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 138% വര്‍ധനയുണ്ടായി. പ്രീമിയം ഹോട്ടൽ ബുക്കിങ്ങില്‍ 25% വര്‍ധനവുണ്ടായി. ഉയര്‍ന്ന നിരക്കുകളാണ് ലക്ഷ്വറി ഹോട്ടലുകളുടെ മേഖലയില്‍ ഈടാക്കുന്നത്. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ നിരക്കുകള്‍ 113% ഉയര്‍ന്നപ്പോള്‍ ഫൈവ് സ്റ്റാര്‍ നിരക്കുകള്‍ 53% വര്‍ധിച്ചു. മൊത്തത്തില്‍ ലക്ഷ്വറി ഹോട്ടല്‍ വിലകളില്‍ 59% വര്‍ധനവുണ്ടായി.

PREV
Read more Articles on
click me!

Recommended Stories

ജൂലൈ 24 ന് ശേഷം ഇതാദ്യം! 100 ഡോളറും കടന്ന് എണ്ണവില; പശ്ചിമേഷ്യൻ യുദ്ധക്കനലിൽ പൊള്ളി ആഗോള വിപണി
മാരുതി കാറുകൾക്ക് വീണ്ടും വിലകൂടുന്നു; മേയ് മാസത്തിന് ശേഷം വില വർധിക്കുന്നത് മൂന്നാം തവണ