കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ പുതുക്കിയ നിരക്ക് നവംബര്‍ 9 മുതല്‍

Published : Oct 19, 2026, 03:42 PM IST
Medicines

Synopsis

രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില നവംബർ 9 മുതൽ കുറയുന്നു. ട്രേഡ് മാർജിൻ റാഷനലൈസേഷൻ പദ്ധതിയുടെ ഭാഗമായി എംആർപിയിൽ 70 ശതമാനം വരെ കുറവുണ്ടാകും. ഇമ്യൂണോതെറപ്പി ഉൾപ്പെടെയുള്ള പ്രധാന മരുന്നുകൾക്ക് ഈ വിലക്കുറവ് ബാധകമാണ്.

രാജ്യത്ത് കാന്‍സര്‍ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 137 കാന്‍സര്‍ മരുന്നുകളുടെ വില കുറയും. നവംബര്‍ 9 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. മരുന്നുകളുടെ വിതരണത്തിലും വില്‍പനയിലും ഈടാക്കുന്ന ലാഭവിഹിതം നിയന്ത്രിക്കുന്ന ട്രേഡ് മാര്‍ജിന്‍ റാഷനലൈസേഷന്‍ (ടിഎംആര്‍) പദ്ധതിയുടെ ഭാഗമായാണ് നടപടി.

പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ തിരഞ്ഞെടുത്ത കാന്‍സര്‍ മരുന്നുകളുടെ പരമാവധി ചില്ലറ വില്‍പന വിലയില്‍ (എംആര്‍പി) 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള വിലയുടെ ഘടന അനുസരിച്ചായിരിക്കും വിലക്കുറവിന്റെ തോത്. മരുന്നുകളുടെ പരമാവധി ചില്ലറ വില്‍പന വിലയുടെ 30 ശതമാനമായി വ്യാപാരികളുടെ ലാഭവിഹിതം പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്യൂണോതെറപ്പി മരുന്നുകള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ള മരുന്നുകള്‍ പുതിയ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരും. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയുടെ ചികിത്സയ്ക്കുള്ള മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു.

പെംബ്രോലിസുമാബ്, ഡുര്‍വാലുമാബ് ഒസിമെര്‍ട്ടിനിബ് തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന കാന്‍സര്‍ മരുന്നുകളുടെ വില കുറയുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ താങ്ങാവുന്ന നിരക്കില്‍ ഇവ ലഭ്യമാകുമെന്നാണ് പ്രതീക്ഷ

ഏതൊക്കെ മരുന്നുകള്‍ക്ക് വില കുറയും?

പുതിയ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ 137 കാന്‍സര്‍ മരുന്നുകളില്‍ പ്രധാനമായും താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു:

- ഇമ്യൂണോതെറപ്പി മരുന്നുകള്‍: 20-ലധികം തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍.

- ഡെനോസുമാബ് : സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുള്ള രോഗികള്‍ക്ക് ഉപയോഗിക്കുന്ന മരുന്ന്.

- പെഗ്ഫില്‍ഗ്രാസ്റ്റിം : കാന്‍സര്‍ രോഗികളില്‍ ന്യൂട്രോപീനിയ തടയാന്‍ ഉപയോഗിക്കുന്ന മരുന്ന്.

- ബെവാസിസുമാബ് : വന്‍കുടല്‍, അണ്ഡാശയം, ഗര്‍ഭാശയഗളം എന്നിവിടങ്ങളിലെ കാന്‍സറുകളുടെ ചികിത്സയ്ക്കുള്ള മരുന്ന്

മരുന്നുകളുടെ വ്യാപാര- ചില്ലറ വില്‍പന ശൃംഖലകളിലെ അമിത ലാഭം നിയന്ത്രിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. അതേസമയം, മരുന്ന് നിര്‍മാതാക്കള്‍ക്ക് ന്യായമായ വരുമാനം ഉറപ്പാക്കുകയും വിപണിയില്‍ കൃത്രിമമായ ക്ഷാമം ഉണ്ടാകുന്നത് തടയുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മരുന്നുകളുടെ പുതുക്കിയ വില അറിയാന്‍ ഉപയോക്താക്കള്‍ക്ക് ഫാര്‍മ സഹി ദാം ആപ്പ്, എന്‍പിപിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ സന്ദർശിക്കാം.

PREV
Read more Articles on
click me!

Recommended Stories

പെട്രോൾ, ഡീസൽ കമ്പനികൾക്ക് 'ചെക്ക്' വച്ച് കേന്ദ്രം! വിൻഡ്‌ഫോൾ നികുതി പുതുക്കി, സാധാരണക്കാരെ ബാധിക്കുമോ?
നിക്ഷേപകർക്ക് 5 ലക്ഷം കോടിയുടെ നേട്ടം, ഐടി കരുത്തിൽ കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കരുത്തുകാട്ടി