അസംസ്കൃത കാർഷിക ഉത്പന്നങ്ങൾക്ക് പകരം മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് കേരളം പ്രാധാന്യം നൽകണമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ വ്യക്തമാക്കി. ഇതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. കാർഷിക മൂല്യശൃംഖലകൾ വികസിപ്പിക്കുന്നതിന് നബാർഡിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: അസംസ്കൃത കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനു പകരം അവ സംസ്കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി കയറ്റുമതി ചെയ്യുന്നതിന് കേരളം പ്രാധാന്യം നല്‍കണമെന്ന് നബാര്‍ഡ് ചെയര്മാന് ഡോ. ഷാജി കൃഷ്ണന് വി പറഞ്ഞു. കൊച്ചിന് ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ഇവന്റ്സ് കലണ്ടര്‍ പുറത്തിറക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സമ്പത്ത് സംസ്ഥാനത്തിനുള്ളില്‍ത്തന്നെ നിലനിര്‍ത്താനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്‍ഷിക ഉത്പാദനം, സംസ്കരണം, പാക്കേജിങ്, ബ്രാന്‍ഡിങ്, വിപണനം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര മൂല്യശൃംഖല വികസിപ്പിക്കുകയാണ് വേണ്ടത്. കൃഷിയിടങ്ങളോട് ചേര്‍ന്ന് സംസ്കരണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിലൂടെ കര്‍ഷകരെ നേരിട്ട് മൂല്യവര്ധനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണം. ചെറുകിട, ഇടത്തരം സംരംഭങ്ങളെയും കര്‍ഷക ഉത്പാദക സംഘടനകളെയും വ്യവസായ ക്ലസ്റ്ററുകളായി ഏകോപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കാര്‍ഷിക മേഖലയിലെ സംരംഭങ്ങള്‍ക്ക് വായ്പാ ഗ്യാരണ്ടി, പുനര്‍വായ്പ, ഗ്രാന്റ് തുടങ്ങിയ സാമ്പത്തിക പിന്തുണകള്‍ ലഭ്യമാക്കുന്നതില്‍ നബാര്‍ഡ് സഹകരിക്കും. ഓരോ ജില്ലയിലും മികച്ച സാധ്യതകളുള്ള കാര്‍ഷിക മൂല്യശൃംഖലകള്‍ വികസിപ്പിക്കുന്നതിനും ചെറുകിട സംരംഭകര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ധനസഹായവും ഉറപ്പാക്കുന്നതിനും നടപടികളുണ്ടാകും.
നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ വ്യവസായ- കാര്‍ഷിക മേഖലകളില്‍ പ്രയോജനപ്പെടുത്തുന്നതിനും കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വികസനം ഉറപ്പാക്കുന്നതിനും പ്രാധാന്യം നല്‍കണം. ഉത്പാദനത്തിന്റെ അളവിനൊപ്പം ഗുണനിലവാരം, സുസ്ഥിരത, ഉത്ന്നങ്ങളുടെ ഉറവിടം എന്നിവയും പരിഗണിക്കണം.
കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സുമായി സഹകരിച്ച് കാര്‍ഷിക- ചെറുകിട വ്യവസായ മേഖലകളുടെ വികസനത്തിനായി സംയുക്ത വേദി രൂപീകരിക്കാനും നബാര്‍ഡ് സന്നദ്ധമാണ്. സാധ്യതയുള്ള കാര്‍ഷിക ഉത്പന്ന ക്ലസ്റ്ററുകള്‍ കണ്ടെത്തി അടിസ്ഥാനസൗകര്യ വികസനം, വിപണന പങ്കാളികളെ കണ്ടെത്തല്‍, ബാങ്കുകള്‍ക്ക് സമര്‍പ്പിക്കാനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ തുടങ്ങിയവയ്ക്ക് സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ കൊച്ചിന് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ബിബു പുന്നൂരാന്‍, മുന്‍ പ്രസിഡന്റ് വേണുഗോപാല്‍ സി ഗോവിന്ദ്, വൈസ് പ്രസിഡന്റ് പ്രകാശ് അയ്യര്‍ എന്നിവര്‍ സംസാരിച്ചു.








