
ചൈനയിലെ മരുന്നുകമ്പനികളുടെ മാര്‍ക്കറ്റിങ് രീതിയില്‍ വലിയ മാറ്റം. ആശുപത്രികളിലെ അഴിമതിയും കൈക്കൂലിയും തടയാന്‍ സര്‍ക്കാര്‍ പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കിയതോടെ ഡോക്ടര്‍മാരെ നേരിട്ട് സമീപിക്കുന്ന പഴയ രീതികള്‍ക്ക് നിയന്ത്രണം വന്നിരിക്കുകയാണ്. ഇതോടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മരുന്നുകമ്പനികള്‍ തിരിയുകയാണ്.ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത എഐ അസിസ്റ്റന്റ് ആപ്പുകള്‍ക്ക് ചൈനയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് ചാറ്റ് ജിപിടി മാതൃകയിലുള്ള നിരവധി എഐ ആപ്പുകള്‍ ഈ വര്‍ഷം വിപണിയിലെത്തിയിട്ടുണ്ട്. ഇതാണ് മരുന്ന് കമ്പനികളുടെ പിടിവള്ളി.
ആശുപത്രികളിലെ ഫാര്‍മ കമ്പനികളുടെ പ്രതിനിധികളുടെ സന്ദര്‍ശനങ്ങള്‍ക്ക് ചൈനയില്‍ നിയന്ത്രണം ശക്തമാക്കിയതോടെ ഡോക്ടര്‍മാരുമായി നേരിട്ട് ബന്ധപ്പെടുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി. ഇത് ചില കമ്പനികളുടെ വില്‍പ്പനയെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഐ പ്ലാറ്റ്ഫോമുകള് പുതിയ അവസരമായി മാറുന്നത്. ഇത്തരം ആപ്പുകള്‍ നിര്‍മിക്കുന്ന കമ്പനികളുമായി ചേര്‍ന്ന് മാര്‍ക്കറ്റിങ് നടത്താനും, പ്രത്യേക രോഗങ്ങളെ കേന്ദ്രീകരിച്ച് ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം പ്ലാറ്റ്ഫോമുകള് ഒരുക്കാനുമുള്ള സാധ്യതകളാണ് മരുന്നുകമ്പനികള്‍ പരിശോധിക്കുന്നത്.
മരുന്ന് നിര്‍ദേശിക്കുന്നതിന് പ്രതിഫലം നല്‍കിയിരുന്ന പഴയ രീതിയില്‍നിന്ന് മാറി, ഡോക്ടര്‍മാരുടെ ചികിത്സക്കും ഗവേഷണത്തിനും നേരിട്ട് സഹായിക്കുന്ന ഡിജിറ്റല്‍ ടൂളുകളിലൂടെ അവരുമായി ബന്ധപ്പെടുന്ന രീതിയിലേക്കാണ് വിപണി മാറുന്നത്. മരുന്നുകമ്പനികളെ സംബന്ധിച്ചിടത്തോളം ഇതിലൂടെ ലഭിക്കുന്ന പ്രധാന നേട്ടം ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്താനുള്ള പുതിയ അവസരമാണ്. ഡോക്ടര്‍മാരെ സ്വാധീനിക്കാനും തങ്ങളുടെ മരുന്നുകള്‍ വിപണിയിലെത്തിക്കാനും ഫാര്‍മ കമ്പനികള്‍ ഇപ്പോള്‍ വലിയ തുക മാര്‍ക്കറ്റിങ്ങിനായി ചെലവഴിക്കുന്നുമുണ്ട്. ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയാണ്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
ചൈനയിലെ മെഡിക്കല്‍ മേഖലയില്‍ എഐ ഉപയോഗം അതിവേഗം ഉയരുകയാണ്. അലിബാബ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത നൂറുകണക്കിന് ഡോക്ടര്‍മാരില്‍ 93% പേരും ഇപ്പോള്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഒരു വര്‍ഷം മുന്‍പ് ഇത് ഏകദേശം 70% ആയിരുന്നു. ഇതിലൂടെ തങ്ങളുടെ മരുന്നുകള്‍ക്ക് പരമാവധി വില്പന നേടാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.