ഉത്സവകാല ഓഫറുകളുണ്ടായിട്ടും സ്മാര്‍ട്ട്ഫോൺ വാങ്ങാന്‍ മടിച്ച് ഉപഭോക്താക്കള്‍. ഫോണുകളുടെ വില ഉയര്‍ന്നതും ഉപഭോക്താക്കളുടെ വാങ്ങല്‍ താല്‍പര്യം കുറഞ്ഞതും തിരിച്ചടിയായതോടെ, 2026ലെ ഉത്സവകാല സ്മാര്‍ട്‌ഫോണ്‍ വില്‍പന മുന്‍ വര്‍ഷത്തെക്കാള്‍ ഏകദേശം 22 ശതമാനം ഇടിഞ്ഞു. ഒക്ടോബര്‍ 8 മുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവിലെ കണക്കാണിത്. വില്‍പനയില്‍ 12 ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു ഉത്സവകാലത്തിനു മുന്‍പുള്ള പ്രവചനം. എന്നാല്‍, യഥാര്‍ഥ ഇടിവ് അതിലും വലുതായി. ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്‌ഫോണ്‍ വിപണിയായ ഇന്ത്യയില്‍ പ്രതീക്ഷിച്ചതിലും രൂക്ഷമായ മാന്ദ്യമുണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വില്‍ക്കുന്ന ഫോണുകളുടെ എണ്ണം കുറഞ്ഞെങ്കിലും ഒരു ഫോണിന്റെ ശരാശരി വില്‍പനവില മുന്‍ വര്‍ഷത്തെക്കാള്‍ 28 ശതമാനം ഉയര്‍ന്നു. ഇതോടെ മൊത്തം വിപണിമൂല്യം കഴിഞ്ഞ വര്‍ഷത്തെ ഏതാണ്ട് അതേ നിലവാരത്തില്‍ തുടര്‍ന്നു. അതായത്, കൂടുതല്‍ ഫോണുകള്‍ വിറ്റതിനെക്കാള്‍ ഉയര്‍ന്ന വിലയുള്ള ഫോണുകളുടെ വില്‍പനയാണ് ഇത്തവണ വിപണിമൂല്യം നിലനിര്‍ത്താന്‍ സഹായിച്ചത്. ഫോണുകളിലെ നിര്‍മാണ ഘടകങ്ങളുടെ വില വര്‍ധിച്ചതാണ് നിര്‍മാണച്ചെലവ് ഉയരാന്‍ കാരണമായത്. ഇതോടെ വലിയ വിലക്കിഴിവുകള്‍ നല്‍കാനുള്ള നിര്‍മാതാക്കളുടെ സാധ്യതയും കുറഞ്ഞു.
2025ലെ ഉത്സവകാലത്ത് 35 മുതല്‍ 40 ശതമാനം വരെ വിലക്കിഴിവ് ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ അത് 10 മുതല്‍ 25 ശതമാനം വരെയായി ചുരുങ്ങി. ഓഫര്‍ നല്‍കിയിട്ടുപോലും കുറഞ്ഞ വിലയുള്ള ഫോണുകള്‍ക്ക് പൊതുവേ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവന്നു. വിലയ്ക്ക് പ്രാധാന്യം നല്‍കുന്ന പലര്‍ക്കും ഇതോടെ പഴയ ഫോണ്‍ മാറ്റി പുതിയത് വാങ്ങുന്നത് പ്രയാസമായി.
ഉത്സവകാല വില്‍പനയുടെ തുടക്കം മുതല്‍ മാന്ദ്യം പ്രകടമായിരുന്നു. ഒക്ടോബര്‍ 8 മുതല്‍ 18 വരെയുള്ള ആദ്യഘട്ടത്തില്‍ വിറ്റ ഫോണുകളുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ 19 ശതമാനം കുറഞ്ഞു. ഫോണുകള്‍ കാണാനും ഓഫറുകള്‍ പരിശോധിക്കാനും കൂടുതല്‍ ആളുകളെത്തിയെങ്കിലും അതിനനുസരിച്ച് വാങ്ങലുണ്ടായില്ല. മികച്ച ഓഫറുകള്‍ വരുമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍ കാത്തിരുന്നതിനാല്‍ കടകളിലെ വില്‍പനയും മന്ദഗതിയിലാണ് തുടങ്ങിയത്. നവരാത്രിക്കാലത്ത് കടകളിലെത്തുന്നവരുടെ എണ്ണം കൂടിയെങ്കിലും വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല.
ഉത്സവകാലത്ത് 21 ശതമാനം വിപണി വിഹിതവുമായി സാംസങ് ഒന്നാമതെത്തി. വിവോയെയാണ് സാംസങ് മറികടന്നത്. മൊത്തം വിപണിയില്‍ 22 ശതമാനം ഇടിവുണ്ടായപ്പോള്‍ സാംസങ്ങിന്റെ വില്‍പന കുറഞ്ഞത് 8 ശതമാനം മാത്രമാണ്. ഗാലക്‌സി എസ്25 അള്‍ട്രാ, ഗാലക്‌സി എസ്25 ഉള്‍പ്പെടെയുള്ള പ്രീമിയം ഫോണുകള്‍ക്കുണ്ടായ ശക്തമായ ഡിമാന്റാണ് ഇടിവ് പരിമിതപ്പെടുത്താന്‍ സഹായിച്ചത്. ഉത്സവകാല വില്‍പന അവസാനിക്കുന്നതുവരെ വിലവര്‍ധന നീട്ടിവച്ചതും പല എതിരാളികളെയും അപേക്ഷിച്ച് സ്റ്റോക്ക് മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തതും കമ്പനിക്ക് നേട്ടമായി.വിവോയുടെ വില്‍പന 21 ശതമാനവും ഒപ്പോയുടേത് 24 ശതമാനവും കുറഞ്ഞു. പുതിയ ഐഫോണ്‍ 18 പ്രോ സീരീസിന് ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണം ലഭിക്കുകയും ഐഫോണ്‍ 17നോടുള്ള താല്‍പര്യം തുടരുകയും ചെയ്തിട്ടും ആപ്പിളിന്റെ വില്‍പനയിലും രണ്ടക്ക ശതമാനത്തില്‍ ഇടിവുണ്ടായി.