ഡ്രൈ ഫ്രൂട്ട്സ് വിപണിക്ക് തിരിച്ചടി, വില കുതിച്ചുയരുന്നു! കാരണം ഇതോ...

Published : May 25, 2025, 03:38 PM IST
ഡ്രൈ ഫ്രൂട്ട്സ് വിപണിക്ക് തിരിച്ചടി, വില കുതിച്ചുയരുന്നു! കാരണം ഇതോ...

Synopsis

മുൻപ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഡ്രൈ ഫ്രൂട്ട്സ് റോഡ് മാർഗ്ഗം പാകിസ്ഥാൻ വഴി 9-10 ദിവസങ്ങൾക്കുള്ളിൽ ഇവിടെയെത്തിയിരുന്നു.

രാജ്യത്ത് ഡ്രൈ ഫ്രൂട്ട്സ വില ഉയരുന്നു. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ഖാരി ബവോലി ഡ്രൈ ഫ്രൂട്ട്സ്, സുഗന്ധവ്യഞ്ജന വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ വഴി എത്തിയിരുന്ന ഡ്രൈ ഫ്രൂട്ട്സിൻറെ ഇറക്കുമതി നിലച്ചതാണ് ഇവിടുത്തെ വ്യാപാരികളെ ദുരിതത്തിലാക്കിയത്. ഇത് വിപണിയിൽ ഉണങ്ങിയ പഴങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വില കുത്തനെ ഉയർത്താൻ കാരണമായി.

വ്യാപാര പാതയിലെ തടസ്സങ്ങൾ

അട്ടാരി-വാഗ അതിർത്തി വഴി കരമാർഗ്ഗമുള്ള വ്യാപാരമാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്. മുൻപ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഡ്രൈ ഫ്രൂട്ട്സ് റോഡ് മാർഗ്ഗം പാകിസ്ഥാൻ വഴി 9-10 ദിവസങ്ങൾക്കുള്ളിൽ ഇവിടെയെത്തിയിരുന്നു. കിലോയ്ക്ക് 20 രൂപ മുതൽ 40 രൂപ വരെ മാത്രമായിരുന്നു ചെലവ്. ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മറുപടിയായി ഏപ്രിൽ 24-ന് പാകിസ്ഥാൻ ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവച്ചിരുന്നു. ഇത് ചരക്ക് ഗതാഗതത്തെയും ബാധിച്ചു. അട്ടാരി-വാഗ അതിർത്തിയിലെ ചെക്ക് പോസ്റ്റും ഇന്ത്യ അടച്ചുപൂട്ടി. ഇത് പാകിസ്ഥാനുമായുള്ള 3,886 കോടി രൂപയുടെ അതിർത്തി കടന്നുള്ള വ്യാപാരത്തെ പൂർണ്ണമായി തടസ്സപ്പെടുത്തി. വിമാനമാർഗ്ഗം ചരക്ക് കൊണ്ടുവരാൻ കിലോയ്ക്ക് കുറഞ്ഞത് 200 രൂപയെങ്കിലും ചെലവാകും. എന്നാൽ വിമാനമാർഗ്ഗമുള്ള ഇറക്കുമതിയും ഇപ്പോൾ എളുപ്പമല്ല. ഏപ്രിൽ 30-ന് ഇന്ത്യ പാകിസ്ഥാൻ വിമാനങ്ങളെ തങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിലക്കി. ഇതിന് മറുപടിയായി പാകിസ്ഥാനും ഇന്ത്യൻ വിമാനങ്ങളെ അവരുടെ വ്യോമാതിർത്തിയിൽ നിന്ന് വിലക്കിയിരിക്കുകയാണ്

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈ ഫ്രൂട്ട്സ് മാർക്കറ്റ് അഫ്ഗാനിസ്ഥാനിൽ സ്ഥിതി ചെയ്യുന്നതിനാൽ, 85% ഡ്രൈ ഫ്രൂട്ട്സും അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഇവിടെ എത്തുന്നത്. അഫ്ഗാനിസ്ഥാനിലേക്കുള്ള റോഡ് ബന്ധം തടസ്സപ്പെട്ടതോടെ ഗുർബന്ദി ബദാം, ഉണക്കമുന്തിരി, തുടങ്ങിയ പ്രധാന ഉണങ്ങിയ പഴങ്ങളുടെ ലഭ്യതയെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. മുൻപ് കിലോയ്ക്ക് 700 രൂപയ്ക്ക് വിറ്റിരുന്ന അഫ്ഗാൻ  ഗുർബന്ദി ബദാമിന് ഇപ്പോൾ 850 രൂപയാണ് വില. സുന്ദേഖാനി ഉണക്കമുന്തിരി കിലോയ്ക്ക് 400 രൂപയിൽ നിന്ന് 600 രൂപയായി വർദ്ധിച്ചു. അത്തിപ്പഴത്തിന് കിലോയ്ക്ക് 150 രൂപയും വർദ്ധിച്ചു.

തുർക്കി ബഹിഷ്കരണ ആഹ്വാനം

പാകിസ്ഥാന് തുർക്കി പിന്തുണ നൽകുന്നു എന്ന റിപ്പോർട്ടുകൾ ഉയർന്നതിനെത്തുടർന്ന് തുർക്കിയുമായുള്ള വ്യാപാരം ബഹിഷ്കരിക്കാനുള്ള ആഹ്വാനം വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഖസ്ഖസ് , ഹാസൽനട്ട് എന്നിവയുടെ പ്രധാന കയറ്റുമതി രാജ്യമാണ് തുർക്കി. കിലോയ്ക്ക് 1,300 രൂപയായിരുന്ന ഹാസൽനട്ടിന് ഇപ്പോൾ 1,500 രൂപയാണ് വില. ഖസ്ഖസിൻറെ വില 250 രൂപ വർദ്ധിച്ച് കിലോയ്ക്ക് 1,300 രൂപയിൽ നിന്ന് 1,550 രൂപയായി.
 

PREV
Read more Articles on
click me!

Recommended Stories

പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍
സൗദിയില്‍ മദ്യവില്‍പ്പന ഉദാരമാക്കുന്നു; 'കനത്ത ശമ്പളമുള്ള' വിദേശികള്‍ക്ക് ഇനി റിയാദില്‍ മദ്യം വാങ്ങാം