ടിവി, വാഷിങ് മെഷീൻ, എസി....; വീട്ടുപകരണങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം വർധിപ്പിച്ചേക്കും; കാരണം വ്യക്തമാക്കി കമ്പനികൾ

Published : Sep 27, 2026, 06:13 PM IST
TV fridge

Synopsis

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തെ തുടർന്ന് ഒക്ടോബർ ഒന്നിന് ശേഷം ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും വില വർദ്ധിപ്പിക്കാൻ കമ്പനികൾ ഒരുങ്ങുന്നു. എയർ കണ്ടീഷണറുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ എന്നിവയ്ക്ക് 5 മുതൽ 8 ശതമാനം വരെയാണ് വില കൂടുക. ഈ വർഷത്തെ മൂന്നാമത്തെ വിലവർദ്ധനവാണിത്

ദില്ലി: ഉത്സവ സീസൺ ആരംഭിക്കാനിരിക്കെ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്സ് നിർമ്മാണ കമ്പനികൾ. എയർ കണ്ടീഷണറുകൾ, എൽ.ഇ.ഡി ടിവികൾ, വാഷിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം 5 മുതൽ 8 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെയും ലോഹങ്ങളുടെയും വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഉൽപ്പന്നങ്ങളുടെ വില കൂട്ടാനുള്ള തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്. കോപ്പർ, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഓയിൽ അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ വർദ്ധനവും ഉയർന്ന ചരക്കുകൂലിയുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ നയിച്ചത്.

പശ്ചിമേഷ്യയിലെ യുദ്ധമാണ് ഈ സാഹചര്യത്തിലേക്ക് എത്തിച്ചത്. ഈ വർഷം മാത്രം ഇലക്ട്രോണിക്സ് ഉൽപ്പന്ന മേഖലയിൽ ഉണ്ടാകുന്ന മൂന്നാമത്തെ വിലവർദ്ധനവാണിത്. എയർ കണ്ടീഷണറുകളുടെ വിലയിൽ 5 മുതൽ 8 ശതമാനം വരെയും, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എൽ.ഇ.ഡി ടിവികൾ എന്നിവയുടെ വിലയിൽ 3 മുതൽ 4 ശതമാനം വരെയും വർദ്ധനവുണ്ടാകുമെന്നാണ് സൂചന. ബ്ലൂ സ്റ്റാർ, ഗോദ്റെജ്, ഹെയർ, ഡൈക്കിൻ, സൂപ്പർ പ്ലാസ്‌ട്രോണിക്‌സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ വിവിധ കാറ്റഗറികളിലായി 4 മുതൽ 10 ശതമാനം വരെ വിലവർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബ്ലൂ സ്റ്റാറിന്റെയും എൽ.ജിയുടെയും എസികൾക്ക് ഇതിനകം തന്നെ വിലയിൽ മാറ്റം വന്നിട്ടുണ്ട്. അതേസമയം, പാനാസോണിക് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ്. ചെറിയ സ്ക്രീൻ വലിപ്പമുള്ള ടിവികളുടെ വിലയിൽ 20 ശതമാനം വരെയും വലിയ സ്ക്രീനുകളിൽ 10 ശതമാനം വരെയും വിലവർദ്ധനവുണ്ടായേക്കും. ഉത്സവ സീസണിൽ ഉപഭോക്താക്കൾ വലിയ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രതീക്ഷിക്കുന്ന സമയത്ത് ഉണ്ടാകുന്ന വിലവർദ്ധനവ് വിൽപ്പനയെ ചെറിയ രീതിയിൽ ബാധിച്ചേക്കാമെന്ന് നിർമ്മാതാക്കൾ ആശങ്കപ്പെടുന്നുണ്ട്. എങ്കിലും, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പഴയ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങി സൂക്ഷിച്ച ഡീലർമാരുടെയും വിതരണക്കാരുടെയും പക്കൽ നിലവിലുള്ള സ്റ്റോക്കുകൾ ഉപയോഗിച്ച് ദീപാവലി വരെയുള്ള കച്ചവടം വലിയ വിലവർദ്ധനവില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നും ചില കമ്പനികൾ കരുതുന്നു.

PREV
Read more Articles on
click me!

Recommended Stories

യൂട്യൂബ് ഷോപ്പിങ്ങിൽ വൻ മാറ്റങ്ങൾ; ഇന്ത്യയിലെ ക്രിയേറ്റർമാർക്കായി പുതിയ എഐ ടൂളുകളും
ബിയറില്‍ പ്രോട്ടീനും ഇലക്ട്രോലൈറ്റുകളും! പുതിയ തന്ത്രങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ കമ്പനി