കൊറോണപ്പേടിയിൽ വിദേശ നിക്ഷേപം കൂട്ടത്തോടെ പിൻവലിക്കുന്നു, മൂലധന വിപണിയിൽ സമ്മർദ്ദം ശക്തം

By Web TeamFirst Published Mar 29, 2020, 4:51 PM IST
Highlights

“സർക്കാർ പൂർണമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബിസിനസുകളും വ്യാപാരവും നിലച്ചു, ഇത് ആഭ്യന്തര സാമ്പത്തിക വളർച്ചയുടെ വേഗത കുറയ്ക്കും”

മുംബൈ: കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ആഗോള മാന്ദ്യ ഭയം ഉയർത്തുന്നതിനാൽ, വിദേശ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണികളിൽ നിന്ന് മാർച്ചിൽ ഒരു ലക്ഷം കോടി രൂപ പിൻ‌വലിച്ചു. 

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ലോകത്തെ മിക്ക സമ്പദ്‍വ്യവസ്ഥകളും ലോക്ക് ഡൗണിലാണിപ്പോൾ. ഇത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പി‌ഐ) ജാഗ്രത പുലർത്തുന്ന നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചുവെന്ന് വിപണി വിദഗ്ധർ പറയുന്നു.

മാർച്ച് 2 മുതൽ 27 വരെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) വായ്പാ വിഭാഗത്തിൽ നിന്ന് 59,377 കോടി രൂപ പിൻ‌വലിച്ചതായും 52,811 കോടി രൂപ ഡെബ്റ്റ് വിഭാ​ഗത്തിൽ നിന്ന് പിൻ‌വലിച്ചതായും നിക്ഷേപ കണക്കുകൾ വ്യക്തമാക്കുന്നു.

മാർച്ചിൽ മൊത്തം പുറത്തേക്കുളള നിക്ഷേപ ഒഴുക്ക് 1,12,188 കോടി രൂപയായിരുന്നു. 2019 സെപ്റ്റംബർ മുതൽ തുടർച്ചയായി ആറ് മാസമായി എഫ്പിഐകളിൽ നിന്നുളള നിക്ഷേപ വർധനയ്ക്ക് ശേഷമുളള ഇടിവാണിത്. 

നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിൽ എഫ്പി‌ഐ ഡാറ്റ ലഭ്യമാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പിൻവലിക്കൽ കൂടിയാണിത്.

“സർക്കാർ പൂർണമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബിസിനസുകളും വ്യാപാരവും നിലച്ചു, ഇത് ആഭ്യന്തര സാമ്പത്തിക വളർച്ചയുടെ വേഗത കുറയ്ക്കും,” മോർണിംഗ്സ്റ്റാർ ഇന്ത്യയിലെ സീനിയർ അനലിസ്റ്റ് മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

click me!