സാമ്പത്തിക സേവന മേഖലയിലൂടെ പ്രതിവർഷം തങ്ങളുടെ ആസ്തി കുത്തനെ ഉയർത്തിയ 15 വ്യക്തികളെയും കുടുംബങ്ങളെയുമാണ് ബ്ലൂംബെർഗ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഉദയ് കൊട്ടക്, മുത്തൂറ്റ് കുടുംബം, കാമത്ത് സഹോദരങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്ന ഈ പട്ടികയിലുള്ളവരുടെ ആകെ ആസ്തി 65 ബില്യൺ ഡോളറിലധികമാണ്.

ബാങ്കുകളും ബ്രോക്കറേജ് സ്ഥാപനങ്ങളും ഫിൻടെക് കമ്പനികളും ചേ‍‌ർന്ന് ഇന്ത്യൻ സാമ്പത്തിക മേഖല മാത്രമല്ല പുതിയ ശതകോടീശ്വരന്മാരെയും രൂപപ്പെടുത്തുന്നുവെന്നാണ് ബ്ലൂംബെർഗ് പുറത്തിഖറക്കിയ 'ഇന്ത്യ ഫിനാൻസ് റിച്ച് ലിസ്റ്റ്' വ്യക്തമാക്കുന്നത്. സാമ്പത്തിക സേവന മേഖലയിലൂടെ പ്രതിവർഷം തങ്ങളുടെ ആസ്തി കുത്തനെ ഉയർത്തിയ 15 വ്യക്തികളെയും കുടുംബങ്ങളെയുമാണ് ബ്ലൂംബെർഗ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ആകെ ആസ്തി 65 ബില്യൺ ഡോളറിലധികം (ഏകദേശം 5.4 ലക്ഷം കോടി രൂപ) വരും. പരമ്പരാഗത ബാങ്കിങ്- വായ്പാ മേഖലയിലെ മുൻനിരക്കാരും റിട്ടെയ്ൽ ഇൻവെസ്റ്റിങ്, ഡിജിറ്റൽ ഫിനാൻസ് തുടങ്ങിയ പുതിയ മേഖലയിലൂടെ വളർന്നവരും ഈ പട്ടികയിലുണ്ട്. ബ്ലൂംബെർഗ് ഇന്ത്യ ഫിനാൻസ് റിച്ച് ലിസ്റ്റിലെ ആദ്യ പത്തിലുള്ള സമ്പന്ന‍‌‌‍ർ‍ ആരൊക്കെയാണെന്ന് നോക്കാം.

1. ഉദയ് കൊട്ടക്

പട്ടികയിൽ ഒന്നാമത് ഉദയ് കൊട്ടക് ആണ്. 1985-ൽ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടമെടുത്ത 80,000 ഡോളർ വച്ചാണ് തന്റെ യാത്ര ആരംഭിക്കുന്നത്. പിന്നീട് 2003-ൽ ആർ.ബി.ഐ ലൈസൻസ് ലഭിച്ചതോടെ ഇത് 'കൊട്ടക് മഹീന്ദ്ര ബാങ്ക്' ആയി മാറി. ഇന്ന് കാപ്പിറ്റൽ മാർക്കറ്റിലും ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിലും വലിയ സാന്നിധ്യമാണ് ഗ്രൂപ്പ്. $16.4 ബില്യൺ ആണ് ആസ്തി. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഏതാണ്ട് 1.56 ലക്ഷം കോടി രൂപയോളം.

2. ജോർജ് അലക്സാണ്ടർ മുത്തൂറ്റും കുടുംബവും

1887-ൽ കേരളത്തിൽ ഒരു പ്രൊവിഷൻ സ്റ്റോറായി തുടങ്ങിയ ബിസിനസാണ് മുത്തൂറ്റ് ഗ്രൂപ്പ്. 1939-ൽ ഗോൾഡ് ലോൺ മേഖലയിലേക്ക് കടന്ന ഈ സ്ഥാപനം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണവായ്പ കമ്പനിയായ 'മുത്തൂറ്റ് ഫിനാൻസ്' ആണ്. റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിലേക്ക് ഇവർ വളർന്നു. $9.9 ബില്യൺ ആണ് ഇവരുടെ ആസ്തിയായി കണക്കാക്കുന്നത്.

3. നിതിൻ കാമത്ത്, നിഖിൽ കാമത്ത്

ഇന്ത്യയിലെ റിട്ടെയ്ൽ ബ്രോക്കിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച 'സെറോധ'യുടെ (Zerodha) സാരഥികളാണ് കാമത്ത് സഹോദരങ്ങൾ. 2010-ൽ കുറഞ്ഞ ബ്രോക്കറേജ് നിരക്കിൽ ടെക്നോളജി അധിഷ്ഠിതമായി തുടങ്ങിയ പ്ലാറ്റ്‌ഫോമിന് ഇന്ന് 1.75 കോടിയിലധികം ഉപഭോക്താക്കളുണ്ട്. $9.9 ബില്യൺ ആണ് ഇവരുടെ ആസ്തിയായി കണക്കാക്കുന്നത്.

4. അജയ് പിരമൽ

ടെക്സ്റ്റൈൽ ബിസിനസിൽ തുടങ്ങി ഫാർമസ്യൂട്ടിക്കൽസ്, ഗ്ലാസ് നിർമ്മാണം എന്നിവയിലേക്ക് കടന്ന പിരമൽ ഗ്രൂപ്പ്, 2010-ൽ ഫാർമ വിഭാഗം വിറ്റ ശേഷമാണ് ഫിനാൻഷ്യൽ സർവീസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 'ദിവാൻ ഹൗസിങ് ഫിനാൻസ്' (DHFL) ഏറ്റെടുത്തതോടെ പീരാമൾ ഫിനാൻസ് വലിയ വായ്പാ വിപണിയായി മാറി. $4.4 ബില്യൺ ആണ് ഇവരുടെ ആസ്തിയായി കണക്കാക്കുന്നത്.

5. മോത്തിലാൽ ഓസ്വാൾ, രാംദേവ് അഗർവാൾ

മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടൻസിയുമായി എത്തിയ ഇരുപതുകാർ പിന്നീട് ബ്രോക്കറേജ് രംഗത്ത് വലിയ വിജയം നേടി. മൂന്ന് പതിറ്റാണ്ടുകൊണ്ട് ഇക്വിറ്റി വിപണിയുടെ വളർച്ചയ്‌ക്കൊപ്പം വളർന്ന മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ഇന്ന് അസറ്റ് മാനേജ്‌മെന്റ്, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ സജീവമാണ്. $3.9 ബില്യൺ ആണ് ഇവരുടെ ആസ്തിയായി കണക്കാക്കുന്നത്.

6. സഞ്ജയ് ദംഗി, അൽപാന ദംഗി

ക്യാപിറ്റൽ മാർക്കറ്റിലൂടെയും മിഡ്-സൈസ് കമ്പനികളിലെ നിക്ഷേപങ്ങളിലൂടെയുമാണ് ദംഗി കുടുംബത്തിന്റെ വളർച്ച. 2019-ൽ ലിസ്റ്റഡ് എൻ.ബി.എഫ്.സി കമ്പനിയായ 'ഓഥം ഇൻവെസ്റ്റ്‌മെന്റ്' (Authum Investment) ഏറ്റെടുത്തതും അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ നിന്നുള്ള വായ്പാ കമ്പനികൾ സ്വന്തമാക്കിയതും ഇവരുടെ ആസ്തി വർദ്ധിപ്പിച്ചു. $3.9 ബില്യൺ ആണ് ഇവരുടെ ആസ്തിയായി കണക്കാക്കുന്നത്.

7. സച്ചിൻ ബൻസാൽ

ഫ്ലിപ്കാർട്ടിന്റെ (Flipkart) സഹസ്ഥാപകനായ സച്ചിൻ ബൻസാൽ കമ്പനി വാൾമാർട്ടിന് വിറ്റ ശേഷം ധനകാര്യ മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു. അങ്ങനെയാണ് 'നവി' (Navi) എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഡിജിറ്റൽ ലെൻഡിങ്, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് മേഖലകളിൽ നവി വൻ വളർച്ച കൈവരിച്ചു. $3 ബില്യൺ ആണ് ഇവരുടെ ആസ്തിയായി കണക്കാക്കുന്നത്.

8. സഞ്ജയ് അഗർവാൾ

രാജസ്ഥാനിലെ ഗ്രാമീണ മേഖലകളിൽ ചെറിയ വായ്പകൾ നൽകി തുടങ്ങി പിന്നീട് വാഹന വായ്പാ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച സഞ്ജയ് അഗർവാളിന്റെ സ്ഥാപനം 2015-ൽ ആർ.ബി.ഐ ലൈസൻസ് നേടി സ്മോൾ ഫിനാൻസ് ബാങ്കായി മാറി. ഇന്ന് 'എ.യു സ്മോൾ ഫിനാൻസ് ബാങ്ക്' (AU Small Finance Bank) ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എസ്‌.എഫ്.ബി ആണ്. $1.9 ബില്യൺ ആണ് ഇവരുടെ ആസ്തിയായി കണക്കാക്കുന്നത്.

9. രാജേഷ് ശർമ്മ

കടപ്പത്ര ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിലൂടെ കരിയർ ആരംഭിച്ച രാജേഷ് ശർമ്മ പിന്നീട് സ്ഥാപിച്ചതാണ് 'കാപ്രി ഗ്ലോബൽ ക്യാപിറ്റൽ' (Capri Global Capital). റിട്ടെയ്ൽ വായ്പകളിലും സ്വർണ വായ്പകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് വലിയൊരു ധനകാര്യ ശൃംഖല കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനായി. $1.8 ബില്യൺ ആണ് രാജേഷ് ശർമ്മയുടെ ആസ്തിയായി കണക്കാക്കുന്നത്.

10. ആനന്ദ് രതിയും കുടുംബവും

1994-ൽ പ്രദീപ് ഗുപ്തയ്ക്കൊപ്പം ചേർന്ന് ആനന്ദ് രതി ആരംഭിച്ച 'ആനന്ദ് രതി ഗ്രൂപ്പ്' ഇന്ന് ഇന്ത്യയിലെ മുൻനിര വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ ഒന്നാണ്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിൽ തുടങ്ങി വെൽത്ത് ആൻഡ് ആസറ്റ് മാനേജ്‌മെന്റിൽ പതിനായിരക്കണക്കിന് ഉപഭോക്താക്കൾ ഇവർക്കുണ്ട്. $1.7 ബില്യൺ ആണ് രാജേഷ് ശർമ്മയുടെ ആസ്തിയായി കണക്കാക്കുന്നത്.

സാമ്പത്തിക മേഖലയിലെ ഈ കുതിപ്പ് നൽകുന്ന സൂചനയെന്ത്?

ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വായ്പാ ഉപയോഗം, ഓഹരി വിപണിയിലെ നിക്ഷേപം, ഡിജിറ്റൽ ഫിനാൻസ് എന്നിവ വർദ്ധിച്ചതാണ് ഈ വലിയ തുകയുടെ ആസ്തികൾക്ക് വഴിതെളിച്ചത്. എങ്കിലും, സാധാരണക്കാരായ റിട്ടെയ്ൽ നിക്ഷേപകർക്ക് ഉണ്ടാകുന്ന നഷ്ടങ്ങളും വർദ്ധിച്ചുവരുന്ന വ്യക്തിഗത കടബാധ്യതകളും ഈ സാമ്പത്തിക വളർച്ചയുടെ മറുപുറമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.