റിലയന്‍സിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ 35,000 കോടി രൂപയുടെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. സെബിയുടെ അനുമതി ലഭിച്ച ഈ ഐപിഒ, എല്‍ഐസിയുടെയും ഹ്യുണ്ടായിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് രാജ്യത്തെ ഏറ്റവും വലുതായി മാറിയേക്കും. പൂര്‍ണ്ണമായും പുതിയ ഓഹരികളാണ് കമ്പനി പുറത്തിറക്കുന്നത്.

റിലയന്‍സിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോയുടെ 35,000 കോടി രൂപയുടെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) സെബിയുടെ അനുമതി. എല്‍ഐസിയുടെയും ഹ്യുണ്ടായിയുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയി ജിയോ മാറിയേക്കും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഐപിഒ നടത്തുമെന്നാണ് സൂചന. പ്രാരംഭ ചര്‍ച്ചകളില്‍ പെന്‍ഷന്‍ ഫണ്ടുകളും സോവറിന്‍ വെല്‍ത്ത് ഫണ്ടുകളുമടക്കമുള്ള ആഗോള നിക്ഷേപകര്‍ ജിയോയുടെ ഓഹരികളില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ജിയോ

ഏകദേശം 35,000 കോടി രൂപ സമാഹരിക്കാനാണ് ജിയോ പ്ലാറ്റ്ഫോംസ് ലക്ഷ്യമിടുന്നത്. നിലവിലുള്ള പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വില്‍ക്കുന്ന രീതിയായ ഓഫര്‍ ഫോര്‍ സെയില്‍ ഇതിലുണ്ടാകില്ല. പൂര്‍ണ്ണമായും പുതിയ ഓഹരികളാണ് കമ്പനി പുറത്തിറക്കുക. ഈ വലുപ്പത്തില്‍ ഐപിഒ പൂര്‍ത്തിയായാല്‍, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ എന്ന ഖ്യാതി ജിയോയ്ക്ക് സ്വന്തമാകും. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, എല്‍ഐസി എന്നിവയുടെ റെക്കോര്‍ഡുകളും എന്‍എസ്ഇയുടെ നിര്‍ദിഷ്ട 30,000 കോടി രൂപയുടെ ഐപിഒയും ജിയോ ഇതോടെ മറികടക്കും.

ഓഹരി മൂല്യം

10 രൂപ മുഖവിലയുള്ള 27 കോടി ഓഹരികളാണ് ജിയോ വില്‍പനയ്ക്ക് വെക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ ഇല്ലാത്തതിനാല്‍ ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പൂര്‍ണ്ണമായും കമ്പനിക്ക് തന്നെ ലഭിക്കും. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെയും സിറ്റി റിസര്‍ച്ചിന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ പ്ലാറ്റ്ഫോംസിന്റെ മൊത്തം മൂല്യം ഏകദേശം 133 ബില്യണ്‍ ഡോളറാണ്.