അവകാശികളില്ലാതെ 80,000 കോടി: തിരിച്ചുപിടിക്കാന്‍ രാജ്യവ്യാപകമായി 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' പ്രചാരണവുമായി കേന്ദ്രം

Published : Oct 02, 2025, 09:37 PM IST
Unclaimed Deposits in Bank

Synopsis

നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന് പേരിട്ടിരിക്കുന്ന മൂന്ന് മാസത്തെ കാമ്പയിന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. പൗരന്മാര്‍ക്ക് അവരുടെ മറന്നുപോയ നിക്ഷേപങ്ങള്‍ കണ്ടെത്താനും തിരികെ നല്‍കാനും

 

നിക്ഷേപം, ഡിവിഡന്റ്, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 80,000 കോടി രൂപ. ഈ സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് അവരുടെ മറന്നുപോയ നിക്ഷേപങ്ങള്‍ കണ്ടെത്താനും തിരികെ നല്‍കാനും സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ബോധവല്‍ക്കരണം നടത്തുന്നു.'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന് പേരിട്ടിരിക്കുന്ന മൂന്ന് മാസത്തെ കാമ്പയിന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും.

ഏകോപനത്തിന് വിവിധ സ്ഥാപനങ്ങള്‍

ധനകാര്യ സേവന വകുപ്പാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് , ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി , സെബി , കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റി എന്നിവ പ്രചാരണത്തില്‍ സഹകരിക്കും.

കൃത്യമായ അവബോധമില്ലായ്മ, അക്കൗണ്ട് വിവരങ്ങള്‍ പുതുക്കാത്തത്, നോമിനി വിവരങ്ങള്‍ ചേര്‍ക്കാത്തത് എന്നിവയാണ് നിക്ഷേപങ്ങള്‍ അവകാശികളില്ലാതെ കിടക്കുന്നതിന് പ്രധാന കാരണമെന്ന് ധനമന്ത്രാലയം പറയുന്നു. ഓരോ പൗരനും അവരുടെ സമ്പാദ്യം തിരികെ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പണം വീണ്ടെടുക്കാന്‍ ലളിതമായ വഴി

അവകാശപ്പെട്ട പണം എങ്ങനെ കണ്ടെത്താമെന്നും ക്ലെയിം ചെയ്യാമെന്നും വ്യക്തമാക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും സംശയങ്ങളും അതാത് റെഗുലേറ്ററി സ്ഥാപനങ്ങള്‍ തയ്യാറാക്കും. ഇത് വഴി ക്ലെയിം ചെയ്യുന്ന പ്രക്രിയ ലളിതവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിടുന്നു.

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തീര്‍പ്പാക്കുന്നതിന് പൊതുമേഖലാ ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകളിലെ മൊത്തം 78,000 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങളില്‍ 30% മുതല്‍ 40% വരെ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിച്ചേക്കുമെന്നാണ് സൂചന.

ഡിജിറ്റല്‍ സംവിധാനങ്ങള്‍ വരുന്നു

നിലവില്‍, റിസര്‍വ് ബാങ്കിന്റെ UDGAM പോര്‍ട്ടല്‍ വഴി ഉപഭോക്താക്കള്‍ക്ക് അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ പരിശോധിക്കാം. എങ്കിലും, ക്ലെയിം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതാത് ബാങ്ക് ശാഖകളില്‍ നേരിട്ട് പോകണം. ഇത് ലളിതമാക്കുന്നതിന്റെ ഭാഗമായി, നിക്ഷേപം ഓണ്‍ലൈനായി തിരികെ ലഭിക്കുന്നതിന് സഹായിക്കുന്ന ഡിജിറ്റല്‍ ക്ലെയിം പ്രക്രിയ ഉടന്‍ നടപ്പിലാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ, ബാങ്കിംഗ് നിയമം, നിലവില്‍ വന്നതോടെ ഒരു ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കാവുന്ന നോമിനികളുടെ എണ്ണം ഒന്നില്‍ നിന്ന് നാലായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 1 മുതല്‍ ഈ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇത് വഴി അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ പോലും അവകാശികളെ എളുപ്പത്തില്‍ കണ്ടെത്തി പണം കൈമാറാം

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ