പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ, കടലിൽ കുടുങ്ങിയ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങാൻ ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് നൽകി അമേരിക്ക. ഈ തീരുമാനം ആഗോള എണ്ണവിലയിൽ നേരിയ കുറവുണ്ടാക്കിയിട്ടുണ്ട്. എന്തിനാണ് ഈ അപ്രതീക്ഷിത ഇളവെന്ന് നോക്കാം.                   

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ക്കും ഊര്‍ജ്ജ പ്രതിസന്ധിക്കും ഇടയില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി അമേരിക്കയുടെ സുപ്രധാന തീരുമാനം. കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ കുതിച്ചുയരുകയായിരുന്ന ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ ഇടിവുണ്ടായി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം കഴിഞ്ഞയാഴ്ച മാത്രം ക്രൂഡ് ഓയില്‍ വിലയില്‍ 15 ശതമാനത്തോളം വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് ഇളവ് പ്രഖ്യാപിച്ചതോടെ വില താഴോട്ട് പോയി. ബ്രെന്റ് ക്രൂഡ് വില 1.52% കുറഞ്ഞ് ബാരലിന് 84.21 ഡോളറിലും, അമേരിക്കന്‍ ഡബ്ല്യുടിഐ ക്രൂഡ് വില 2.10% കുറഞ്ഞ് 79.31 ഡോളറിലുമെത്തി.

എന്തുകൊണ്ട് ഈ ഇളവ്?

ആഗോള ഊര്‍ജ്ജ വിപണിയെ 'ബന്ദിയാക്കാനുള്ള' ഇറാന്റെ ശ്രമങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ താത്കാലിക ഇളവെന്ന് സ്‌കോട്ട് ബെസ്സെന്റ് എക്‌സില്‍ കുറിച്ചു. 2026 മാര്‍ച്ച് 5-ന് ഇന്ത്യന്‍ സമയം രാവിലെ 10:31-നോ അതിനുമുമ്പോ കപ്പലുകളില്‍ കയറ്റിയതും, നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതുമായ റഷ്യന്‍ എണ്ണ വാങ്ങാന്‍ മാത്രമാണ് അനുമതിയുള്ളത്. ഇത് വഴി റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭം ഉണ്ടാകില്ലെന്നും അമേരിക്ക കണക്കുകൂട്ടുന്നു. ഇന്ത്യയെ ഒരു 'പ്രധാന പങ്കാളിയായി' വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യ കൂടുതല്‍ അമേരിക്കന്‍ എണ്ണ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലെ കടുത്ത പ്രതിസന്ധി

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ വിതരണ തടസത്തിലേക്ക് നീങ്ങുകയാണെന്നാണ് എസ്&പി ഗ്ലോബല്‍ എനര്‍ജി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തെ എണ്ണ നീക്കത്തിന്റെ പ്രധാന വഴിയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഏതാണ്ട് നിലച്ച മട്ടിലാണ്. പ്രതിദിനം 60 എണ്ണ ടാങ്കറുകള്‍ പോയിരുന്ന സ്ഥാനത്ത് മാര്‍ച്ച് 1-ന് വെറും 5 കപ്പലുകള്‍ മാത്രമാണ് ഇതുവഴി കടന്നുപോയത്. സൗദി അറേബ്യയിലെയും ഖത്തറിലെയും എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണമുണ്ടായി.

അമേരിക്കയുടെ താക്കീതും ഇന്ത്യന്‍ നിലപാടും

കഴിഞ്ഞ മാസം ഇന്ത്യയ്ക്ക് മേലുള്ള 25% ഇറക്കുമതി തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ എണ്ണ വീണ്ടും വാങ്ങിയാല്‍ തീരുവ തിരിച്ചുകൊണ്ടുവരുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ സ്വന്തം രാജ്യതാല്‍പര്യമാണ് ഇന്ത്യയുടെ ഊര്‍ജ്ജ നയങ്ങളെ നയിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ ഒരൊറ്റ രാജ്യത്തെ മാത്രം ആശ്രയിക്കാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഇത് എങ്ങനെ ബാധിക്കും?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പ്രതിദിനം 55 ലക്ഷം ബാരല്‍ എണ്ണയാണ് ആവശ്യം. ഇതിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പകുതിയോളം ക്രൂഡ് ഓയിലും, 54% എല്‍എന്‍ജിയും വന്നത് സംഘര്‍ഷഭരിതമായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. എണ്ണവില കൂടിയാല്‍ അത് ഇന്ത്യയില്‍ ഇന്ധനവില വര്‍ദ്ധനവിനും, വിലക്കയറ്റത്തിനും, രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും കാരണമാകും. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. ഫെബ്രുവരിയില്‍ പ്രതിദിനം 10.4 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് വന്നത് (2025 നവംബറില്‍ ഇത് 18 ലക്ഷം ബാരലായിരുന്നു). സൗദിയില്‍ നിന്ന് 10 ലക്ഷം ബാരലും ഇറാക്കില്‍ നിന്ന് 9.8 ലക്ഷം ബാരലും ഇന്ത്യ ഇറക്കുമതി ചെയ്തു. പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ വരാന്‍ തടസ്സം നേരിടുന്ന ഈ സമയത്ത്, കടലില്‍ കിടക്കുന്ന റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക അനുവദിച്ചത് ഇന്ത്യയുടെ ഇന്ധന ലഭ്യതയ്ക്ക് താല്‍ക്കാലികമായെങ്കിലും വലിയൊരു ആശ്വാസമാണ് നല്‍കുന്നത്.