
ചെയര്‍മാന്റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളില്‍ വന്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയില്‍ ബാങ്കിന് തിരിച്ചടി നേരിടുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ബാങ്കിന്റെ ഓഹരി വില 1.7 ശതമാനം ഇടിഞ്ഞ് 784.75 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 800 രൂപയില്‍ നിന്നാണ് ഈ ഇടിവ്.
പാര്‍ട്ട് ടൈം ചെയര്‍മാനായിരുന്ന അതാനു ചക്രവര്‍ത്തി പെട്ടെന്ന് രാജിവെച്ചതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ബാങ്കിന്റെ 'മൂല്യങ്ങളിലും ധാര്‍മ്മികതയിലും' ഉള്ള അഭിപ്രായവ്യത്യാസങ്ങളാണ് തന്റെ രാജിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ബാങ്കിന്റെ ഭരണനിര്‍വഹണത്തെക്കുറിച്ച് വിപണിയില്‍ സംശയങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം ഓഹരി വിലയില്‍ 5.1 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു.
വിപണിയില്‍ മൊത്തത്തില്‍ വലിയ മുന്നേറ്റം ഉണ്ടായ ദിവസമായിട്ടും എച്ച്ഡിഎഫ്സി ബാങ്കിന് അതിന്റെ ഗുണം ലഭിച്ചില്ല. സെന്‍സെക്‌സ് 709 പോയിന്റ് ഉയര്‍ന്ന് 74,916 എന്ന നിലയിലും നിഫ്റ്റി 0.95 ശതമാനം ഉയര്‍ന്ന് 23,221 എന്ന നിലയിലുമായിരുന്നു വ്യാപാരം. എന്നിട്ടും നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികളില്‍ ഒന്നായി എച്ച്ഡിഎഫ്സി മാറി.
ആശ്വാസമായി ആര്‍ബിഐ ഇടപെടല്‍ ഓഹരി വിപണിയില്‍ ആശങ്ക പടരുന്നതിനിടെ റിസര്‍വ് ബാങ്ക് ഇടപെട്ടത് നേരിയ ആശ്വാസമായിട്ടുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനത്തിലോ ഭരണത്തിലോ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ഇടക്കാല പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിക്കാനും ആര്‍ബിഐ അനുമതി നല്‍കി.
ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം
താല്‍ക്കാലികമായി വില ഇടിഞ്ഞെങ്കിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമായിരിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.
ജെഫ്രീസ്: ബാങ്കിന് 'ബൈ' റേറ്റിംഗ് നല്‍കിയ ഇവര്‍, ഓഹരി വില 1,240 രൂപ വരെ ഉയര്‍ന്നേക്കാമെന്ന് പ്രവചിക്കുന്നു.
മോത്തിലാല്‍ ഓസ്വാള്‍: ബാങ്കിന്റെ അടിത്തറ ഭദ്രമാണെന്നും വില 1,100 രൂപ വരെ എത്താന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
നിലവിലെ പ്രശ്‌നങ്ങള്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ഓഹരി വിപണിയിലെ ഈ തകര്‍ച്ച താല്‍ക്കാലികം മാത്രമാണെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.