വോട്ടെടുപ്പ് കഴിഞ്ഞാൽ ഇന്ധന വില ഉയർത്താൻ എണ്ണക്കമ്പനികൾക്ക് അനുമതി?

By Web TeamFirst Published Mar 7, 2022, 2:28 PM IST
Highlights

കഴിഞ്ഞ വർഷം നവംബർ നാലിനാണ് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്. കഴിഞ്ഞ നാല് മാസമായി മാറ്റമുണ്ടായിട്ടില്ല. നവംംബർ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചത്

ദില്ലി: റഷ്യ - യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന വില കൂട്ടിയേ തീരൂവെന്നാണ് എണ്ണക്കമ്പനികൾ എത്തിയിരിക്കുന്ന സ്ഥിതി. എണ്ണ വില ഉയർത്താതെ നാല് മാസം പിന്നിട്ടതും ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 13 വർഷത്തെ ഏറ്റവും ഉയർന്ന വിലയായതും വലിയ വെല്ലുവിളിയാണ്. അതിനിടെയാണ് അടുത്ത ദിവസങ്ങളിൽ ഘട്ടംഘട്ടമായി എണ്ണവില ഉയർത്തുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേർസ് കേന്ദ്രസർക്കാരിലെ ഉന്നതരെ പേര് വെളിപ്പെടുത്താതെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷം നവംബർ നാലിനാണ് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്. കഴിഞ്ഞ നാല് മാസമായി മാറ്റമുണ്ടായിട്ടില്ല. നവംംബർ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വന്നതോടെ ദിനേനയുള്ള വില നിശ്ചയിക്കലിൽ നിന്ന് എണ്ണക്കമ്പനികൾ പിന്നോട്ട് പോയി.

കേന്ദ്രസർക്കാരിന് എണ്ണക്കമ്പനികളുടെ വില നിർണയാധികാരത്തിൽ യാതൊരു സ്വാധീനവുമില്ലെന്നാണ് യാഥാർത്ഥ്യം. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് എണ്ണവില സ്ഥിരതയോടെ നിൽക്കുന്നതാണ് പതിവ് രീതി. ഇക്കാരണത്താലാണ് കഴിഞ്ഞ നാല് മാസത്തിലേറെയായി എണ്ണ വില ഉയരാതിരുന്നതെന്നാണ് ജനം പൊതുവെ വിശ്വസിക്കുന്നത്.

നവംബർ നാലിന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 85 ഡോളറായിരുന്നു. ഇവിടെ നിന്ന് പിന്നീട് 70 ഡോളറിലേക്ക് വരെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. എന്നാൽ യുദ്ധം വന്നതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് കഴിഞ്ഞ രാത്രി 130 ഡോളറിലേക്കെത്തി. ഇപ്പോൾ 128 ഡോളറാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില.

അന്താരാഷ്ട്ര വിപണിയിൽ  ക്രൂഡ് ഓയിൽ വിലയിൽ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളർ വരെ ഉയർന്നു.  13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈൻ എതിരെ റഷ്യയുടെ സൈനികനീക്കം ആഗോള തലത്തിൽ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള എണ്ണ വിപണിയിൽ റഷ്യ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. റഷ്യയിൽ ഉൽപ്പാദനം നടക്കുന്നുണ്ടെങ്കിലും എണ്ണ വാങ്ങിക്കാൻ ആരും മുന്നോട്ടു വരുന്നില്ല. ആഗോള ബാങ്കിങ് ഇടപാടുകൾ ക്കുള്ള ഉപരോധവും ചരക്കു നീക്കത്തിലെ  തടസ്സവുമാണ് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.

റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി ഇതുവരെ ഒരു രാജ്യവും ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും ഇപ്പോൾ ദിവസം 10 ലക്ഷം ബാരൽ നഷ്ടം റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് ഉണ്ട്. ക്രൂഡോയിൽ വിലയ്ക്ക് പുറമേ വാതക വിലയും റെക്കോർഡ് ഉയരത്തിൽ ആണ്.

റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ മുക്കാൽഭാഗവും തടസ്സപ്പെട്ടിരിക്കുകയാണ്. റഷ്യയിൽനിന്നുള്ള എണ്ണയുടെ വലിയ ഉപഭോക്താക്കൾ യൂറോപ്യൻ രാജ്യങ്ങൾ ആയിരുന്നു. യുദ്ധത്തിൽ യുക്രൈൻ ഒപ്പമാണ് യൂറോപ്യൻ രാജ്യങ്ങളിൽ അധികവും. അന്താരാഷ്ട്ര തലത്തിൽ റഷ്യൻ ബാങ്കുകൾക്കെതിരെ കടുത്ത നിലപാട് വന്നത് റഷ്യയുടെ സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

click me!