രാജ്യത്തെ വാഴക്കൃഷി ഉൾപ്പെടെയുള്ള കാർഷിക മേഖലകളിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴ ഉത്പാദകരായിട്ടും കയറ്റുമതിയിൽ പിന്നിലുള്ള ഇന്ത്യ, ഈ നീക്കത്തിലൂടെ കയറ്റുമതി വരുമാനം 100 കോടി ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തെ വാഴക്കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൂടുതല്‍ വിളകളെ വിദേശ നിക്ഷേപ നയത്തിന് കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഴക്കൃഷി പോലുള്ള പ്ലാന്റേഷന്‍ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപ ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവിലെ സ്ഥിതി എന്താണ്?

നിലവില്‍ തേയില, കാപ്പി, റബര്‍, ഏലം, പാം ഓയില്‍, ഒലിവ് തുടങ്ങിയ തോട്ടവിളകള്‍ക്ക് മാത്രമാണ് ഓട്ടോമാറ്റിക് റൂട്ട് വഴി 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്. മറ്റ് പ്ലാന്റേഷന്‍ മേഖലകളില്‍ വിദേശ നിക്ഷേപം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഈ നിയമത്തിലാണ് വാഴക്കൃഷിക്കും ഗുണകരമാകുന്ന രീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണക്കുകള്‍ പ്രകാരം, 2000 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ റബര്‍ ഉല്‍പന്നങ്ങളില്‍ 3.93 ബില്യണ്‍ ഡോളറിന്റെയും, തേയില-കാപ്പി മേഖലകളില്‍ (സംസ്‌കരണവും സംഭരണവും ഉള്‍പ്പെടെ) 295.23 മില്യണ്‍ ഡോളറിന്റെയും വിദേശ നിക്ഷേപമാണ് ഇന്ത്യയില്‍ എത്തിയത്.

ഉല്‍പാദനത്തില്‍ ഒന്നാമത്, കയറ്റുമതിയില്‍ പിന്നില്‍

പ്രതിവര്‍ഷം മൂന്നു കോടിയിലധികം ടണ്‍ വാഴപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴ ഉല്‍പ്പാദകര്‍. ലോകത്താകെ ഉല്‍പ്പാദിപ്പിക്കുന്ന വാഴപ്പഴത്തിന്റെ 26.45 ശതമാനവും (35.36 മില്യണ്‍ ടണ്‍) ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍, ആഗോള കയറ്റുമതി വിപണിയില്‍ ഇന്ത്യയുടെ വിഹിതം വെറും ഒരു ശതമാനം മാത്രമാണ്.

ലക്ഷ്യം 100 കോടി ഡോളര്‍

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 37.75 കോടി ഡോളറിന്റെ വാഴപ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വളര്‍ച്ചയാണിത്. വരും വര്‍ഷങ്ങളില്‍ കയറ്റുമതി വരുമാനം 100 കോടി ഡോളറായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ യുഎഇ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇറാന്‍, ഇറാഖ്, ഉസ്‌ബെക്കിസ്ഥാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ക്കുമാണ് ഇന്ത്യ പ്രധാനമായും വാഴപ്പഴം കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ നിക്ഷേപം എത്തുന്നതോടെ അമേരിക്ക, റഷ്യ, ജപ്പാന്‍, ജര്‍മ്മനി, ചൈന, നെതര്‍ലാന്‍ഡ്‌സ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ വലിയ വിപണികളിലേക്കും കയറ്റുമതി വ്യാപിപ്പിക്കാനുള്ള വലിയ സാധ്യത ഇന്ത്യയ്ക്ക് മുന്നിലുണ്ട്.

മുന്‍പന്തിയില്‍ ഈ സംസ്ഥാനങ്ങള്‍

ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവയാണ് ഇന്ത്യയില്‍ വാഴപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങള്‍. വാഴപ്പഴത്തിന്റെ രാജ്യത്തെ മൊത്തം ഉല്‍പ്പാദനത്തിന്റെ 67 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.