ഇന്ത്യന്‍ ഉപഭോക്താക്കള്‍ വിലയേക്കാള്‍ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കുന്ന 'പ്രീമിയമൈസേഷന്‍' എന്ന മാറ്റത്തിന് വിധേയരാവുകയാണ്. മായം ചേര്‍ക്കലിലുള്ള ഭയം, ആരോഗ്യപരമായ ബോധവല്‍ക്കരണം, ശുദ്ധമായ ഉല്‍പ്പന്നങ്ങളുടെ ലഭ്യത എന്നിവ ഈ മാറ്റത്തിന് കാരണമായി. നെയ്യ്, തേന്‍, ശര്‍ക്കര, കോള്‍ഡ് പ്രസ്ഡ് എണ്ണകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിപണി അതിവേഗം വളരുകയാണ്.

ഏതെങ്കിലും വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയാല്‍ പത്തുവര്‍ഷം മുന്‍പില്ലാത്ത ഒരു കാഴ്ച കാണാം. സാധനങ്ങളുടെ വില നോക്കുന്നതിന് പകരം കവറുകളിലെ ലേബലുകള്‍ വായിക്കുന്ന തിരക്കിലായിരിക്കും മിക്കവരും. നെയ്യ് വാങ്ങുമ്പോള്‍ അത് എ വണ്‍ ആണോ, എ ടു ആണോ, പശുവിന്‍ നെയ്യാണോ അതോ എരുമപ്പാലില്‍ നിന്ന് എടുത്തതാണോ, എങ്ങനെയാണ് അത് നിര്‍മ്മിച്ചത് എന്നൊക്കെ ആളുകള്‍ കൃത്യമായി പരിശോധിക്കും. പണ്ട് വില മാത്രം നോക്കി വാങ്ങിയിരുന്ന സാധനങ്ങള്‍ക്ക് ഇപ്പോള്‍ ഗുണമേന്മയാണ് പ്രധാനം. വിപണിയില്‍ ഇതിനെ 'പ്രീമിയമൈസേഷന്‍' എന്നാണ് വിളിക്കുന്നത്.

കണക്കുകള്‍ പരിശോധിച്ചാല്‍ ഈ മാറ്റം എത്രത്തോളമാണെന്ന് മനസിലാക്കാം. ഐമാര്‍ക്ക് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ ഇന്ത്യയിലെ ഓര്‍ഗാനിക് ഭക്ഷ്യവിപണിയുടെ മൂല്യം 2.3 ബില്യണ്‍ ഡോളറാണ്. ഇത് ഓരോ വര്‍ഷവും 19 ശതമാനത്തിലധികം വളര്‍ച്ച നേടി 2034-ഓടെ 11 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഡബ്ല്യുസിയുടെ '2025 വോയ്സ് ഓഫ് ദി കണ്‍സ്യൂമര്‍' സര്‍വേ പറയുന്നത് 84 ശതമാനം ഇന്ത്യക്കാരും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണെന്നാണ്. മാത്രമല്ല, പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണത്തിനായി കൂടുതല്‍ പണം മുടക്കാന്‍ 73 ശതമാനം പേര്‍ക്കും യാതൊരു മടിയുമില്ല.

മാറ്റത്തിന് പിന്നിലെ 3 പ്രധാന കാരണങ്ങള്‍

വിശ്വാസ്യത: പാലിലെ വെള്ളം ചേര്‍ക്കല്‍, തേനില്‍ പഞ്ചസാര ലായനി കലര്‍ത്തല്‍, വ്യാജ പനീര്‍ തുടങ്ങിയ വാര്‍ത്തകള്‍ ആളുകളെ ലേബലുകള്‍ വായിക്കാന്‍ നിര്‍ബന്ധിതരാക്കി. ഉദാഹരണത്തിന്, തേനിലെ മായം കണ്ടെത്താന്‍ ഇന്ന് 'ന്യൂക്ലിയര്‍ മാഗ്‌നറ്റിക് റെസൊണന്‍സ്' പരിശോധന വരെ ആവശ്യമായി വന്നിരിക്കുന്നു.

ആരോഗ്യം: കോവിഡിന് ശേഷം പ്രമേഹം, ഹൃദ്രോഗം എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിച്ചു. ഇതോടെ ആളുകള്‍ അമിതമായി പ്രോസസ് ചെയ്ത മധുരപലഹാരങ്ങളും എണ്ണകളും ഒഴിവാക്കാന്‍ തുടങ്ങി.

ലഭ്യത: ഇ-കൊമേഴ്സ്, ഡയറക്ട്- ടു- കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ എന്നിവ വഴി കൃഷിയിടങ്ങളില്‍ നിന്നുള്ള ശുദ്ധമായ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ആളുകളിലേക്ക് എത്തുന്ന സാഹചര്യമുണ്ടായി. ഒരു ദശാബ്ദം മുന്‍പ് ഇതൊരിക്കലും സാധ്യമായിരുന്നില്ല.

നെയ്യും തേനും ശര്‍ക്കരയും; വിപണിയിലെ താരങ്ങള്‍

നെയ്യിന്‌റെ കാര്യത്തില്‍ ഈ മാറ്റം വളരെ വ്യക്തമായി കാണാം. ഐമാര്‍ക്ക് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, 2025 നും 2033 നും ഇടയില്‍ എ ടു, ഓര്‍ഗാനിക് നെയ്യിന്റെ വിപണി പ്രതിവര്‍ഷം 22 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടുന്നത്. സാധാരണ നെയ്യിന്റെ വില്‍പ്പനയേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണിത്. വിലയേക്കാളുപരി അത് എവിടെനിന്ന് വരുന്നു എന്നതിനാണ് ജനം പണം നല്‍കുന്നത്.

ഇന്ത്യയിലെ തേന്‍ വിപണി 2025-ല്‍ ഏകദേശം 2,900 കോടി രൂപയുടേതാണ്. ഓരോ വര്‍ഷവും 7 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. മായം ചേര്‍ക്കലാണ് തേന്‍ വിപണി നേരിടുന്ന വലിയ പ്രതിസന്ധി. അതുകൊണ്ടുതന്നെ തങ്ങളുടെ ഉല്‍പ്പന്നം ശുദ്ധമാണെന്ന് തെളിയിക്കാന്‍ കഴിയുന്ന ബ്രാന്‍ഡുകള്‍ക്കാണ് ഈ വളര്‍ച്ചയുടെ പൂര്‍ണ്ണ ഗുണവും ലഭിക്കുന്നത്.

ശര്‍ക്കര ഇന്ന് പാക്കറ്റുകളിലാക്കി ഹൈജീനിക് ആയി വിപണിയിലെത്തുന്നു. ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരമായി ആളുകള്‍ ശര്‍ക്കര ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഓരോ വര്‍ഷവും 11 ശതമാനത്തിലധികമാണ് ഇതിന്റെ വളര്‍ച്ച. 2030-കളുടെ തുടക്കത്തില്‍ ഈ വിപണി ഇരട്ടിയാകുമെന്നാണ് സൂചന.ഭക്ഷ്യ എണ്ണയുടെ വിപണിയിലും വലിയ മാറ്റമുണ്ട്. ഇന്ത്യയിലെ ഭക്ഷ്യ എണ്ണ വിപണി പ്രതിവര്‍ഷം ഒരു ശതമാനം മാത്രം വളരുമ്പോള്‍, കോള്‍ഡ് പ്രസ്ഡ് (ചെക്കിലാട്ടിയ), വുഡ് പ്രസ്ഡ് എണ്ണകള്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. സാധാരണ എണ്ണയേക്കാള്‍ 40 മുതല്‍ 70 ശതമാനം വരെ വില കൂടുതലാണെങ്കിലും കൂടുതല്‍ നാള്‍ കേടുകൂടാതെ ഇരിക്കില്ലെങ്കിലും ആളുകള്‍ ഇത് വാങ്ങാന്‍ തയ്യാറാണ്.