
ന്യൂഡൽഹി: ഇന്ധന കയറ്റുമതി തീരുവയിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര ധനമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് 3 രൂപ വീതം പ്രത്യേക അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി. അതേസമയം, ഡീസൽ ലിറ്ററിന് 16.5 രൂപയും വിമാന ഇന്ധനത്തിന് 16 രൂപയും കയറ്റുമതി തീരുവ നിശ്ചയിച്ചു. പുതിയ നികുതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പെട്രോൾ കയറ്റുമതിക്ക് ഇത്തരമൊരു നികുതി ഏർപ്പെടുത്തുന്നത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കാനും കയറ്റുമതിയിലൂടെ കമ്പനികൾ അമിത ലാഭം കൊയ്യുന്നത് തടയാനുമാണ് ഈ നീക്കം. ഈ മാറ്റങ്ങൾ കയറ്റുമതിയെ മാത്രം ബാധിക്കുന്നവയാണ്. രാജ്യത്തെ സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പെട്രോൾ, ഡീസൽ വിലയെ ഇത് നേരിട്ട് ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ ഈ നീക്കം. കയറ്റുമതിയിൽ പ്രത്യേക നികുതി ചുമത്തി കൂടുതൽ വിദേശനാണ്യ ശേഖരമാണ് ലക്ഷ്യമിടുന്നത്. ധനമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ധീരജ് ശർമ്മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.