
ഇന്ന് ദീപാവലി, ഓഹരി വിപണിയിൽ എല്ലാ വർഷവും നടക്കുന്നത് പോലെ ദീപാവലി ദിനത്തിലല്ല ഇത്തവണ മുഹൂർത്ത വ്യാപാരം നടക്കുക. ഇന്ന് ന്ത്യയിൽ ഓഹരി വിപണി സാധാരണ പോലെ രാവിലെ 9 മുതൽ വൈകുന്നേരം 3.30 വരെ പ്രവർത്തിക്കും. ഇത്തവണ മുഹൂർത്ത വ്യാപാരം നടക്കുന്നത് ഒക്ടോബർ 21 ചൊവ്വാഴ്ച്ചയാണ്. നാളെ ഓഹരി വിപണി അവധിയാണെങ്കിലും ഒരു മണിക്കൂർ വിപണി പ്രവർത്തിക്കും.
ഒക്ടോബർ 21 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 2.45 വരെയാണ് മുഹൂർത്ത വ്യാപാരം നടക്കുക. ഇതിൽ 1.30 മുതൽ 1.45 വരെയുള്ള സമയം പ്രീ-ഓപ്പൺ സെഷനാണ്. അതായത്, സാധാരണ ട്രേഡിങ് 1.45 മുതൽ ആരംഭിച്ച് 2.30ന് അവസാനിക്കും. പൊതുവെ വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം നടക്കാറുള്ളത്. എന്നാൽ ഇത്തവണ ഇത് നേരത്തെയാണ്. തൊട്ടടുത്ത ദിവസം, ഒക്ടോബർ 23 ബലിപ്രതിപാദ പ്രമാണിച്ച് ബുധനാഴ്ച്ചയും ഓഹരി വിപണിക്ക് അവധിയായിരിക്കും
നിക്ഷേപത്തിന് അനുയോജ്യമായ സമയമായി മുഹൂർത്ത വ്യാപാരം പരിഗണിക്കപ്പെടുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്. പുതിയ സംവത് വർഷത്തിന്റെ തുടക്കമെന്ന നിലയിൽ ശുഭ മുഹൂർത്തമായി പരിഗണിക്കുന്ന മുഹൂർത്ത വ്യാപാരത്തിന് ഇന്ത്യയിൽ പ്രാധാന്യമുണ്ട്. മറ്റേതൊരു ട്രെഡിങ് ദിവസത്തെയും പോലെ തന്നെയാണ് മുഹൂർത്ത വ്യാപാരവും നടക്കുക. പക്ഷെ സമയം 1 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു എന്നതാണ് വ്യത്യാസം.