5 മിനിറ്റ്, ബാങ്ക് ബാലന്‍സ് 43,000 രൂപയില്‍ നിന്ന് വെറും 7 രൂപയായി; ശമ്പളം പോയ വഴി കാണിച്ച് റെഡ്ഡിറ്റ് പോസ്റ്റ്

Published : Jul 08, 2025, 03:43 PM IST
Loan Emi calculation

Synopsis

കൊല്ലുന്ന ഇ എം ഐകൾ. ശമ്പളത്തെ കൈകാര്യം ചെയ്യാനറിയാതെ പുതുതലമുറ

ഗരങ്ങളിലെ മധ്യവര്‍ഗ്ഗത്തെ പിടിമുറുക്കുന്ന അപകടകരമായ സാമ്പത്തിക ഞെരുക്കത്തിന്റെ നേര്‍ക്കാഴ്ചയായി ഒരു റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. 'അഞ്ച് മിനിറ്റിനുള്ളില്‍ എന്റെ ബാങ്ക് ബാലന്‍സ് 43,000 രൂപയില്‍ നിന്ന് വെറും 7 രൂപയായി കുറഞ്ഞു,' ഒരു ശമ്പള വരുമാനക്കാരനായ റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചു. വാടക, ഇഎംഐകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, മറ്റ് കുടിശ്ശികകള്‍ എന്നിവയെല്ലാം എങ്ങനെ ശമ്പളത്തെ ഇല്ലാതാക്കുന്നു എന്ന് വ്യക്തമാക്കുന്ന ഈ പോസ്റ്റ് ആധുനിക ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ നേര്‍ചിത്രമാണ്.

ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്നും, ഇഎംഐകളെ ആശ്രയിച്ച് ശമ്പളത്തില്‍ മാത്രം ഒതുങ്ങുന്ന ജീവിതശൈലി കാരണം കടക്കെണിയില്‍ അകപ്പെടുന്ന ഒരു തലമുറയുടെ നേര്‍ക്കാഴ്ചയാണിതെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശമ്പളം അപ്രത്യക്ഷമായ കഥ

റെഡ്ഡിറ്റ് ഉപയോക്താവ് തന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നത് ഇങ്ങനെ: ശമ്പളം അക്കൗണ്ടില്‍ വന്നയുടന്‍ തന്നെ 19,000 രൂപ മുറിയുടെ വാടകയായി പോയി. 60,000 രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ അടയ്ക്കേണ്ട 15,000 രൂപയും, 10,000 രൂപയുടെ രണ്ട് ഇഎംഐകളും അകൗണ്ടില്‍ നിന്നും പോയി. ഇന്റര്‍നെറ്റ്, മൊബൈല്‍ ബില്ലുകളായി 3,700 രൂപ കൂടി അടച്ചപ്പോള്‍ ബാക്കി വന്നത് വെറും 7 രൂപ!. ഈ പോസ്റ്റ് ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. കാരണം ഇത് പലരുടെയും ജീവിതാനുഭവങ്ങളുമായി അത്രയേറെ ചേര്‍ന്നുനില്‍ക്കുന്ന ഒന്നായിരുന്നു.

പെരുകുന്ന കടക്കെണി

ഇന്ത്യയിലെ നഗരങ്ങളിലെ മധ്യവര്‍ഗ്ഗത്തില്‍ ഉപഭോഗം കൂടുകയും സമ്പാദ്യം കുറയുകയും ചെയ്യുന്നത് ഒരു പുതിയ പ്രവണതയല്ല. എളുപ്പത്തില്‍ ലഭിക്കുന്ന വായ്പകളും ക്രെഡിറ്റ് സൗകര്യങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യക്തിഗത വായ്പകളില്‍ 75% വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ശമ്പളക്കാരായ വ്യക്തികളില്‍ മൂന്നിലൊന്ന് പേരും തങ്ങളുടെ വരുമാനത്തിന്റെ 33%ത്തിലധികം ഇഎംഐകള്‍ക്കായി ചെലവഴിക്കുന്നു. വാടക, ഭക്ഷണം, സമ്പാദ്യം എന്നിവയെല്ലാം ഇതിന് പുറമെയാണ്. പലരുടെയും കാര്യത്തില്‍ ഇത് 45% വരെ ഉയരുന്നു. ഇത് നിക്ഷേപങ്ങള്‍ക്കുവേണ്ടിയുള്ള കടമെടുപ്പല്ല, നിലനില്‍പ്പിനായുള്ള കടമെടുപ്പാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം.

കാരണങ്ങള്‍ പലത്..

എളുപ്പത്തില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ വായ്പകള്‍, ശമ്പളം വര്‍ധിക്കാതിരിക്കുന്ന സാഹചര്യം, സ്റ്റാറ്റസ് കാണിക്കാനുള്ള ആഡംബരച്ചെലവുകള്‍ എന്നിവയാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ ആര്‍.പി. ഗുപ്ത ഇതിനെ 'ടിക്കിംഗ് ടൈം ബോംബ്' എന്നാണ് വിശേഷിപ്പിച്ചത്. ഇത് ഉപഭോഗം നയിക്കുന്ന വളര്‍ച്ചയെ മന്ദഗതിയിലാക്കാനും അസമത്വം വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. ഡാറ്റാ സയന്റിസ്റ്റായ മോനിഷ് ഗോസാര്‍ ഇതിനെ ലളിതമായി വിശദീകരിക്കുന്നു: 'ബാങ്കുകള്‍ നമ്മളെ കെണിയിലാക്കിയതല്ല, അവര്‍ കയറ് തന്നു. കെട്ടുകളുണ്ടാക്കിയത് നമ്മളാണ്.'

ജിഡിപിയുടെ 41.9% വരും ഇപ്പോള്‍ ഗാര്‍ഹിക കടം. ഇതില്‍ പകുതിയിലധികവും വീടുകളോ കാറുകളോ വാങ്ങാനല്ല, മറിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവയിലൂടെയുള്ള ഉപഭോഗത്തിനായാണ്. പ്രതിശീര്‍ഷ കടം ഇപ്പോള്‍ ശരാശരി 4.8 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ദേശീയ ഗാര്‍ഹിക സമ്പാദ്യം 47 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലുമാണ്.

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ