പ്രവാസികള്‍ക്ക് ഇന്ത്യയിൽ ഇനി കടമ്പകളില്ല; ആർബിഐയുടെ വമ്പൻ പ്രഖ്യാപനം, ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപ ഇളവുകൾ

Published : Jun 05, 2026, 05:13 PM IST
NRI Investment

Synopsis

വിദേശ നിക്ഷേപകര്‍ക്കായി റിസര്‍വ് ബാങ്ക് നിക്ഷേപ ചട്ടങ്ങളില്‍ സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രവാസികള്‍ക്കും ഒസിഐ കാര്‍ഡുള്ളവര്‍ക്കും ഇനി സെബി രജിസ്‌ട്രേഷന്‍ ഇല്ലാതെ ഇന്ത്യന്‍ ഓഹരികളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാം. രാജ്യത്തെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്കുള്ള ചട്ടങ്ങളില്‍ സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പ്രവാസി ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ കാര്‍ഡുള്ളവര്‍ക്കും ഇനി മുതല്‍ സെബിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ ഇന്ത്യന്‍ ഓഹരികളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാം. ഇതിന് പുറമെ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മറ്റ് വിദേശികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എന്തൊക്കെയാണ് പുതിയ മാറ്റങ്ങള്‍?

നിലവില്‍ പ്രവാസികള്‍ക്ക് സെബിയില്‍ 'ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റേഴ്‌സ്' ആയി രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപം നടത്താന്‍ വഴികളുണ്ട്. മറ്റ് വിദേശ നിക്ഷേപകര്‍ക്കുള്ള കടുത്ത ചട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ലളിതമാണ്. രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള ഈ നിക്ഷേപങ്ങളുടെ പരിധിയാണ് ആര്‍ബിഐ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. അതായത്, ഔദ്യോഗികമായി സെബിയില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ എന്‍ആര്‍ഐകള്‍ക്കും ഒസിഐകള്‍ക്കും ഇനി മുതല്‍ കൂടുതല്‍ തുക ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കാം.

2026 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മാറ്റങ്ങളുടെ തുടര്‍ച്ചയായാണിത്. ലിസ്റ്റ് ചെയ്ത ഒരു കമ്പനിയില്‍ ഒരു പ്രവാസിക്ക് നിക്ഷേപിക്കാവുന്ന തുകയുടെ പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ബജറ്റില്‍ ഉയര്‍ത്തിയിരുന്നു. പ്രവാസികളുടെ ആകെ നിക്ഷേപ പരിധി 24 ശതമാനമാക്കിയും വര്‍ധിപ്പിച്ചിരുന്നു. ഈ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള നിക്ഷേപ സൗകര്യം എന്‍ആര്‍ഐകള്‍ക്കും ഒസിഐകള്‍ക്കും പുറമെ, വിദേശത്ത് താമസിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ഒരുപോലെ ലഭ്യമാക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

ആര്‍ക്കൊക്കെയാണ് ഇതിന്റെ ഗുണം ലഭിക്കുക?

ഇന്ത്യന്‍ ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന എന്‍ആര്‍ഐകള്‍ക്കും ഒസിഐ കാര്‍ഡുള്ളവര്‍ക്കുമാണ് ഇതിന്റെ പ്രധാന നേട്ടം. നിക്ഷേപ പരിധി ഉയര്‍ത്തിയതോടെ യാതൊരു നൂലാമാലകളുമില്ലാതെ അവര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പണം മുടക്കാം.

ഇന്ത്യന്‍ വംശജരല്ലാത്ത വിദേശികള്‍ക്കും പുതിയ മാറ്റങ്ങള്‍ വലിയ ആശ്വാസമാണ്. ഇതിനുമുമ്പ് അവര്‍ക്ക് സെബിയില്‍ എഫ്പിഐ ആയി രജിസ്റ്റര്‍ ചെയ്‌തോ അല്ലെങ്കില്‍ മറ്റ് സങ്കീര്‍ണ്ണമായ വഴികളിലൂടെയോ മാത്രമേ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പുതിയ മാറ്റം വരുന്നതോടെ അവര്‍ക്കും എളുപ്പത്തില്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് കടന്നുവരാം. ഇത് വിപണിയിലേക്ക് കൂടുതല്‍ പണമൊഴുകാനും നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കാനും സഹായിക്കും.

എന്തുകൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കം?

ആഗോള തലത്തില്‍ നിക്ഷേപങ്ങളില്‍ വലിയ ചാഞ്ചാട്ടം നടക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വലിയൊരു ശ്രമത്തിന്റെ ഭാഗമാണിത്.

വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ മറ്റ് വഴികളും

പ്രവാസികള്‍ക്കും വിദേശികള്‍ക്കും നല്‍കിയ ഇളവുകള്‍ക്ക് പുറമെ വിദേശ ഫണ്ടുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ മറ്റ് പല സുപ്രധാന തീരുമാനങ്ങളും ആര്‍ബിഐ എടുത്തിട്ടുണ്ട്. ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാനുള്ള 'ഫുള്ളി ആക്‌സസിബിള്‍ റൂട്ട്' കൂടുതല്‍ വിപുലീകരിച്ചു. വിദേശ നിക്ഷേപകര്‍ക്കുള്ള ചില നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് മുതൽ പഴയ വിലയിൽ കിട്ടില്ല, മിൽമ പാലിനും തൈരിനും വില കൂടുന്നു, എത്രവരെ കൂടുമെന്ന് അറിയാം
സ്വർണ്ണവിലയിൽ ആശ്വാസം, നേരിയ കുറവ്, ഒരു പവൻ സ്വർണ്ണത്തിന് വില 1,15,160