ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ എഐ സെമികണ്ടക്ടര്‍ ഓഹരികള്‍ക്ക് കനത്ത തകര്‍ച്ച നേരിടുന്നു. ഇത് വിപണിയെ 'ബെയര്‍ മാര്‍ക്കറ്റിലേക്ക്' നയിച്ചു. അമിതമായ പ്രതീക്ഷകളും കടമെടുത്തുള്ള ഊഹക്കച്ചവടവുമാണ് ഈ വീഴ്ചയ്ക്ക് പ്രധാന കാരണമായതെങ്കിലും, കമ്പനികളുടെ അടിസ്ഥാനം ഇപ്പോഴും ശക്തമാണ്.

ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട സെമികണ്ടക്ടര്‍ കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച. ദക്ഷിണ കൊറിയന്‍ ഓഹരി സൂചികയായ 'കോസ്പി'യിലാണ് ഈ വീഴ്ച ഏറ്റവും വ്യക്തമായി കാണുന്നത്. എഐ സെമികണ്ടക്ടര്‍ ഓഹരികളില്‍ ജൂണ്‍ 23നാണ് തകര്‍ച്ച ആരംഭിച്ചത്. ഇതിന് പിന്നാലെ പ്രമുഖ കമ്പനിയായ എസ്‌കെ ഹൈനിക്‌സിന്റെ ഓഹരികള്‍ 15.37 ശതമാനവും, സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ 10.7 ശതമാനവും ഇടിഞ്ഞു. ജൂണ്‍ 23-ന് 10 ശതമാനത്തോളം ഇടിഞ്ഞ സൂചിക, ജൂലൈ 2-ന് 8 ശതമാനവും, ജൂലൈ 7-ന് വീണ്ടും 8 ശതമാനത്തിലധികവും ഇടിഞ്ഞു.

ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനത്തിലധികം താഴേക്ക് വീണതോടെ ജൂലൈ 8-ന് കൊറിയന്‍ വിപണി ഔദ്യോഗികമായി ഒരു 'ബെയര്‍ മാര്‍ക്കറ്റിലേക്ക്'കൂപ്പുകുത്തി. ലാഭമെടുപ്പും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് ഈ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. എന്നാല്‍ ഒരു പ്രത്യേക മേഖലയിലേക്ക് മാത്രം നിക്ഷേപകര്‍ ഇരച്ചുകയറിയതും പ്രതീക്ഷകള്‍ അതിരുകടന്നതുമാണ് യഥാര്‍ത്ഥ കാരണമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

എഐ തരംഗം അവസാനിച്ചോ?

വിപണി തകര്‍ന്നുവെങ്കിലും കമ്പനികളുടെ അടിസ്ഥാനപരമായ സാമ്പത്തിക നില ഭദ്രമാണ്. സെമികണ്ടക്ടര്‍ കയറ്റുമതിയില്‍ ഇപ്പോഴും വന്‍ വര്‍ധനവാണ് ഉള്ളത്. ജൂലൈ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ മാത്രം ദക്ഷിണ കൊറിയയുടെ സെമികണ്ടക്ടര്‍ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 193 ശതമാനം വര്‍ധിച്ച് 1,07,520 കോടി രൂപയിലെത്തി . ഇക്കാലയളവിലെ ആകെ കയറ്റുമതി 2,86,080 കോടി രൂപയാണ് മെമ്മറി ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ ഇപ്പോഴും ഉയര്‍ന്ന ലാഭം നേടുന്നുണ്ട്.

എന്താണ് വിപണിയില്‍ സംഭവിച്ചത്?

ഒരു പുതിയ സാങ്കേതികവിദ്യ എന്നതില്‍ നിന്നും അടിസ്ഥാന സൗകര്യമെന്ന നിലയിലേക്ക് എഐ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടുന്നു. എഐയ്ക്കുള്ള ഡിമാന്‍ഡ് തുടരുമെന്ന് തന്നെയാണ് നിക്ഷേപകരും വിശ്വസിക്കുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനികള്‍ക്ക് ലഭിച്ചേക്കാവുന്ന വളര്‍ച്ച കൂടി മുന്‍കൂട്ടി കണ്ട് ഇപ്പോഴേ ഉയര്‍ന്ന വില കൊടുത്ത് ഓഹരികള്‍ വാങ്ങിക്കൂട്ടിയത് ശരിയാണോ എന്ന സംശയമാണ് നിക്ഷേപകര്‍ക്കിടയിലുള്ളത്. പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞ വളര്‍ച്ച ഉണ്ടായാല്‍ പോലും അത് നിക്ഷേപകരെ നിരാശരാക്കും. അതാണ് കൊറിയയില്‍ സംഭവിച്ചത്.

തിരിച്ചടിയായത് കടമെടുത്തുള്ള ഊഹക്കച്ചവടം

കടമെടുത്ത് ഓഹരി വിപണിയില്‍ പണമിറക്കുന്ന പ്രവണത കൊറിയന്‍ വിപണിയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടി എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനൊരു ഉദാഹരണമാണ് കോറു ഇടിഎഫ്. ഈ വര്‍ഷം ആദ്യം ഇതിന്റെ വില 1,22,784 രൂപ എന്ന സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നത് അന്നത്തെ വിലയുടെ കൃത്യം മൂന്നിലൊന്നായി ചുരുങ്ങി. അതായത് ഏകദേശം 66 ശതമാനം ഇടിവ്. ചെറുകിട നിക്ഷേപകര്‍ കടമെടുത്ത് വന്‍തോതില്‍ പണമിറക്കിയതാണ് വിനയായത്. ജൂലൈ 13-ന് മാത്രം ഏകദേശം 12 ലക്ഷം റീട്ടെയില്‍ അക്കൗണ്ടുകള്‍ക്കാണ് പണം തിരികെ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള 'മാര്‍ജിന്‍ കോള്‍' വന്നത്. ഇതില്‍ പണം അടക്കാന്‍ കഴിയാതിരുന്ന 3,20,000 മുതല്‍ 3,60,000 വരെ അക്കൗണ്ടുകളിലെ ഓഹരികള്‍ ബ്രോക്കര്‍മാര്‍ നിര്‍ബന്ധിതമായി വിറ്റൊഴിവാക്കി. കൊറിയന്‍ വിപണിയുടെ ഘടനയും ഈ തകര്‍ച്ചയ്ക്ക് കാരണമായി. കോസ്പി സൂചികയുടെ സിംഹഭാഗവും സാംസങ്, എസ്‌കെ ഹൈനിക്‌സ് എന്നീ രണ്ട് കമ്പനികളെ മാത്രം ആശ്രയിച്ചാണ് നില്‍ക്കുന്നത്.